ന്യൂഡൽഹി: പെട്ടന്നാണ് അയാൾ വന്നത്. അംഗരക്ഷകർക്കൊപ്പം… കണ്ടപാടേ കാത്തിരുന്നവർ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ചുവന്ന ഷർട്ട് നൽകി. ഇട്ടിരുന്ന വേഷത്തിന് പുറത്തുകൂടി അത് ധരിച്ചു. പിന്നെ തലയിലേറ്റാൻ ചുവന്ന ട്രോളി ബാഗും. ചുറ്റും നിന്നിരുന്ന അനുയായികൾ ഉറക്കെ ജയ് വിളിച്ചു. ഡൽഹി അനന്ത് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ രാവിലെ കോൺഗ്രസ് നേതാവ് രാഹുലിന്റെ സന്ദർശനത്തിനിടയിലെ കാഴ്ചയാണിത്.
റെയിൽവേ പോർട്ടർമാരുടെ ജീവിതം പഠിക്കാനെന്ന് പറഞ്ഞ് അവർക്കൊപ്പം സമയം ചിലവിടാനെത്തിയതായിരുന്നു രാഹുൽ. ഇതിനിടയിലായിരുന്നു അവരുടെ യൂണിഫോം അണിഞ്ഞ് ക്യാമറകൾക്ക് മുൻപിൽ ട്രോളി ബാഗ് ചുമന്നത്. പത്ത് ചുവട് പിന്നിട്ട ശേഷം അടുത്തുണ്ടായിരുന്ന ആളുടെ തലയിലേക്ക് ബാഗ് കൈമാറുകയും ചെയ്തു. പിന്നീട് അവർക്കൊപ്പം ഇരുന്ന് കുശലം പറഞ്ഞ് കുറച്ച് നേരം ചർച്ചകൾ നടത്തിയ ശേഷമായിരുന്നു മടക്കം.
റെയിൽവേ സ്റ്റേഷനിൽ അവർക്കുളള സൗകര്യങ്ങളും രാഹുൽ നോക്കിക്കണ്ടു. നേരത്തെയും രാഹുൽ സമാനമായ രീതിയിൽ ആളുകളുടെ അനുഭവം അറിയാൻ ശ്രമം നടത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ചണ്ഡിഗഢിലേക്ക് നടത്തിയ ട്രക്ക് യാത്രയും ഓൾഡ് ഡൽഹി മാർക്കറ്റിലെ സന്ദർശനവുമൊക്കെ നേരത്തെയും മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
എന്നാൽ ഇത്തരം സന്ദർശനങ്ങൾക്ക് പിന്നാലെ ഇവരുടെ ജീവിതം മെച്ചപ്പെടുത്താനുളള യാതൊരു നിർദ്ദേശങ്ങളോ ഇടപെടലുകളോ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.
Discussion about this post