ഭൂമിയും കടന്ന് ആകാശവും കീഴടക്കുകയാണ് മനുഷ്യൻ. ബുദ്ധികൂർമ്മതെ കൊണ്ട് ലോകത്തെ സുഖസൗകര്യങ്ങളെല്ലാം തന്നെ അവൻ അനുഭവിക്കുന്നു. എന്നാൽ ചികിത്സാരംഗത്ത് എത്ര വളർച്ച പ്രാപിച്ചുവെന്ന് ഊറ്റം കൊണ്ടാലും കാൻസർ എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കും. ശരീരത്തെ കാർന്ന് തിന്നുന്ന അർബുദമെന്ന മഹാവ്യാധി മനുഷ്യകുലത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്നതാണ് കാരണം.
രോഗനിർണയത്തിലെ കാലതാമസമാണ് കാൻസറിനെ വലിയ അപകടകാരിയാക്കി മാറ്റുന്നത്. രോഗം പിടിപ്പെട്ട് ആദ്യകാലത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനാവുമെന്ന ആത്മവിശ്വാസം മനുഷ്യനുണ്ട്. എന്നാൽ അവസാനഘട്ടത്തിലാണെങ്കിൽ രോഗത്തിന്റെ വേദനകുറച്ച് ആ ജീവനെ മരണത്തിന് വിട്ടുകൊടുക്കാനേ നിസ്സഹായനായ മനുഷ്യന് സാധിക്കൂ.
എന്നാൽ സങ്കീർണമായ ഈ രോഗനിർണയം പഴങ്കഥയാക്കാനുള്ള തീവ്രശ്രമത്തിലാണ് യുഎസ് പ്രതിരോധവകുപ്പ്. എന്തിനും ഏതിനും എഐ കൂട്ടുപിടിക്കുന്ന ഈ കാലത്ത് കാൻസർ നിർണയത്തിനും എഐയെ തന്നെയാണ് സഹായിയായി കരുതിയിരിക്കുന്നത്. ഈ ചരിത്രദൗത്യത്തിനാകട്ടെ ഗൂഗിളും കൂട്ടിനുണ്ടാകും. ഗൂഗിളിന്റെ സഹായത്തോടെ എഐ പവേഡ് മൈക്രോസ്‌കോപ്പ് നിർമ്മിക്കാനാണ് യുഎസ് പ്രതിരോധവകുപ്പ് പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ചില പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഇവ യുഎസിലെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ശരീരത്തിലെ കാൻസർ കോശങ്ങളെ കണ്ടെത്താനും അവ എത്രത്തോളം ആക്രമണകാരിയാണെന്ന് തിരിച്ചറിയാനുമാണ് എഐ പവേഡ് മൈക്രോസ്‌കോപ്പ് വികസിപ്പിക്കുന്നത്. വിവിധ തരത്തിലുള്ള കാൻസറുകൾ വേർതിരിച്ചറിയുന്നതിന് ഡോക്ടർമാരെ സഹായിക്കുന്ന ഒരു ഓഗ്മെന്റഡ് റിയാലിറ്റി മൈക്രോസ്‌കോപ്പ് ആണ് വികസിപ്പിച്ചെടുക്കുന്നത്.
നിലവിൽ ഗൂഗിളിന്റെ മെഡിക്കൽ എഐ ചാറ്റ്‌ബോട്ട് തന്നെ മെഡിക്കൽ രംഗത്തിന് സഹായിയായി രംഗത്തുണ്ട്. Med-PaLM 2 എന്നാണ് ചാറ്റ്‌ബോട്ടിനെ വിളിക്കുന്നത് മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇതിന് കഴിയും.
Discussion about this post