ന്യൂഡല്‍ഹി : ചന്ദ്രയാന്‍ ദൗത്യം വിജയകരമായതിന്റെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിവസവും വായിക്കാറുണ്ട്. അതോടൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച പറ്റുന്നതാണ് ചന്ദ്രയാന്‍ സംബന്ധിച്ച ജനപ്രതിനിധികളുടെ വിചിത്ര പ്രസ്താവനകളും ആവശ്യങ്ങളും. അത്തരത്തിലൊരു ആവശ്യമാണ് ഇപ്പോള്‍ ജന ശ്രദ്ധയാകര്‍ഷിക്കുന്നത്. ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിടരുത്, അത് സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്ന ആളുകളെ വേദനിപ്പിക്കുമെന്ന ആവശ്യവുമായി സമാജ്വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ് രംഗത്ത്.
ഇന്ത്യയുടെ മഹത്തായ ബഹിരാകാശ യാത്രയായ ചന്ദ്രയാന്‍-3′ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന വിഷയത്തേക്കുറിച്ചുള്ള സഭയിലെ ചര്‍ച്ചയ്ക്കിടെയാണ് സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാം ഗോപാല്‍ യാദവ് ഇത്തരമൊരാവശ്യം ഉന്നയിച്ചത്. ‘വിക്രം ലാന്‍ഡര്‍ പകര്‍ത്തുന്ന ചന്ദ്രന്റെ ആകര്‍ഷകമല്ലാത്ത ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിടാതെ ശാസ്ത്രീയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കണം. ഇത്തരം വികൃതമായ ചിത്രങ്ങള്‍ ചന്ദ്രനെ സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്നവര്‍ക്ക് വേദനയുണ്ടാക്കും’, അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ പെണ്‍ പേരുകളായ ശശി പ്രഭ, ചന്ദ് പ്രഭ, പുരുഷ നാമങ്ങളില്‍ സുഭാഷ് ചന്ദ്, മണിക് ചന്ദ് തുടങ്ങി എല്ലാത്തിലും ചന്ദ്രനുണ്ട്. അതിന്റെ അതുല്യമായ സൗന്ദര്യം മൂലമാണ് ഇത്തരത്തില്‍ പേരില്‍ ചന്ദ്രനെ ഉള്‍പ്പെടുത്തുന്നത്. ഐഎസ്ആര്‍ഒ പുറത്ത് വിടുന്ന ചിത്രങ്ങള്‍ ഇതിന് വിപരീതമായതിനാല്‍ ജനങ്ങള്‍ക്ക് വിഷമമുണ്ടാകുമെന്നും രാം ഗോപാല്‍ യാദവ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ നാഴികക്കല്ലായ ചാന്ദ്ര ദൗത്യത്തെക്കുറിച്ച് രാഷ്ട്രീയക്കാരുടെ വിചിത്രമായ പ്രസ്താവനകള്‍ വരുന്നത് ഇതാദ്യമല്ല. ‘രാകേഷ് റോഷന്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവിടെ നിന്ന് ഇന്ത്യ എങ്ങനെയുണ്ടെന്ന് ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. സംവിധായകന്‍ രാകേഷ് റോഷനെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയുമായി മാറിപ്പോയതാണ് ഇത്തരമൊരു തമാശയ്ക്ക് വഴിവച്ചത്.
Discussion about this post