ലണ്ടൻ : വെറും നാല് ഡോളറിന് വാങ്ങിയ ഒരു പെയിന്റിംഗ് ഏകദേശം ഒന്നര കോടിയോളം രൂപയ്ക്ക് തുല്യമായ 1,91,000 ഡോളറിന് വില്പന നടത്തിയതിന്റെ ആവേശകരമായ കഥ പറയുകയാണ് ലണ്ടനിലെ ഒരു ലേല സ്ഥാപനം. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീയാണ് ഈ കഥയിലെ നായിക. അലങ്കാരവസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നും അവർ വാങ്ങിയ ഒരു സാധാരണ പെയിന്റിംഗ് അവരുടെ ജീവിതം തന്നെയാണ് മാറ്റിമറിച്ചത്.
വീട് അലങ്കരിക്കാനുള്ള അലങ്കാരവസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ നിന്നുമാണ് അവർക്ക് ഒരു പഴയകാല പെയിന്റിംഗ് ലഭിക്കുന്നത്. മറ്റു പല പെയിന്റിംഗുകളിൽ നിന്നും വ്യത്യസ്തമായ എന്തോ ഒന്ന് അവർക്ക് ആ ചിത്രത്തിൽ തോന്നി. തുടർന്ന് നാല് ഡോളർ വിലയുള്ള ആ പെയിന്റിംഗ് അവർ സ്വന്തമാക്കി വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെ നിന്നും കഥ വലിയൊരു ട്വിസ്റ്റിലേക്കാണ് പോയത്.
വെറും നാല് ഡോളർ കൊടുത്ത് സ്വന്തമാക്കിയ ആ പെയിന്റിംഗ് പ്രമുഖ അമേരിക്കൻ ചിത്രകാരന്മാരിൽ ഒരാളായ എൻസി വൈത്തിന് പണ്ട് നഷ്ടപ്പെട്ട വളരെ പ്രാധാന്യമുള്ള ഒരു പെയിന്റിംഗ് ആണെന്ന് പിന്നീടാണ് അവർ തിരിച്ചറിയുന്നത്. ഇതോടെ ആ പെയിന്റിംഗ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മാഞ്ചസ്റ്ററിലെ ബോൺഹാംസ് എന്ന ലേല സ്ഥാപനം വഴി അവർ ആ പെയിന്റിംഗ് വിൽപ്പനക്ക് വെച്ചു.
1,91,000 ഡോളറിനാണ് ലേലത്തിലൂടെ ഈ പെയിന്റിംഗ് വിൽക്കപ്പെട്ടത്.
‘ട്രഷർ ഐലൻഡ്’, ‘റോബിൻ ഹുഡ്’, ‘റോബിൻസൺ ക്രൂസോ’ തുടങ്ങിയ ക്ലാസിക് കഥകളിലെ ചിത്രങ്ങൾക്ക് ജീവൻ പകർന്ന 20-ാം നൂറ്റാണ്ടിലെ പ്രശസ്തനായ അമേരിക്കൻ ചിത്രകാരനാണ് എൻസി വൈത്ത്. അദ്ദേഹത്തിന്റെ പ്രശസ്തമായ റമോണ എന്ന പെയിന്റിംഗ് ആണ് ഈ ഭീമമായ തുകയ്ക്ക് ലേലത്തിൽ പോയത്. ഹെലൻ ഹണ്ട് ജാക്‌സന്റെ ‘റമോണ’ എന്ന നോവലിന്റെ 1939-ലെ പതിപ്പിനായി എൻസി വൈത്ത് ചിത്രീകരിച്ച ഒരു പെയിന്റിംഗ് ആയിരുന്നു ഇത്.
Discussion about this post