ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തുലാസിലായിരിക്കെ കാനഡയിലെ പ്രമുഖ പത്രം പുറത്തിറക്കിയ കാർട്ടൂൺ ചർച്ചയാവുന്നു. വിശ്വ ഗുരുവായി ഉയരുന്ന ഭാരതത്തിന്റെ പ്രാധാന്യത്തെയും ജസ്റ്റിൻ ട്രൂഡോ എത്രവലിയ അബദ്ധമാണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്നതിന്റെയും നേർകാഴ്ചയാണ് കാർട്ടൂൺ. കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിലിലെ കാർട്ടൂൺ ആണ് ചർച്ചയാവുന്നത്.
ഇന്ത്യയുടെ ദേശീയമൃഗമായ കടുവയുടെ തോളിലേറിയ യുഎസ്എ,യുകെ, ഓസ്ട്രേലിയ പ്രസിഡന്റുമാരെയും പേടിച്ചരണ്ടിരിക്കുന്ന ജസ്റ്റിൻ ട്രൂഡോയേയും കാർട്ടൂണിൽ കാണാം. ഇന്ത്യ വലിയ സ്വാധീനശക്തിയാണെന്ന് വരച്ചുകാണിക്കുന്നതാണ് ചിത്രം. കോപാകുലനായ കടുവ ജസ്റ്റിൻ ട്രൂഡോയുടെ വസ്ത്രം കടിച്ചുകീറിയതായാണ് വ്യക്തമാക്കുന്നത്.
ദിവസം കഴിയും തോറും കൂപ്പുകുത്തുന്ന ജനസമ്മതിയും സമ്പദ് വ്യവസ്ഥയിലെ മുരടിപ്പും, ജി 20 സമ്മേളനത്തിൽ ഏറ്റ നാണക്കേടും മറയ്ക്കാനായി ട്രൂഡോ ചെയ്ത പ്രവൃത്തികൾ പക്ഷേ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല.
ഖാലിസ്ഥാൻ ഭീകരൻ ഹർദ്ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ മേൽ കെട്ടിവച്ചതോടെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. കാനഡയിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ കടുത്ത നടപടിയാണ് ഇന്ത്യ സ്വീകരിച്ചത്. കനേഡിയൻ പൗരർക്കുള്ള വിസ വിതരണം വരെ ഇന്ത്യ നിർത്തിവച്ചു. കാനഡയിലെ ഇന്ത്യൻ പൗരന്മാർ പ്രത്യേകിച്ച് ഹിന്ദുക്കൾ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്. ഇന്ത്യാവിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു.












