ജനീവ: ഇന്ത്യക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിൽ തന്റെ രാജ്യം നിലകൊള്ളുന്നുവെന്നും ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നുമാണ് ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചത്.
ഒരു കനേഡിയൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കാൻ വിശ്വസനീയമായ കാരണങ്ങളുണ്ടെന്ന് ട്രൂഡോ പറഞ്ഞു. ഇത് ഗൗരവമായി കാണാനും പൂർണ്ണ സുതാര്യത നൽകാനും ഈ വിഷയത്തിൽ ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നുവെന്ന് ട്രൂഡോ പറഞ്ഞു.
ഞങ്ങൾ നിയമവാഴ്ചയുള്ള രാജ്യമാണ്. കനേഡിയൻമാരെ സുരക്ഷിതമായി നിലനിർത്തുന്നതിനും ഞങ്ങളുടെ മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്രമവും ഉയർത്തിപ്പിടിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടർന്നും ചെയ്യാൻ പോകുകയാണ്. അതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധയെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു.
കൊലപാതക ആരോപണം ഇന്ത്യ അപ്പാടെ തള്ളിയതിന് ശേഷവും കാനഡ തെളിവുകളുടെ അടിസ്ഥാനം പോലുമില്ലാതെ ആരോപണം ഉന്നയിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
Discussion about this post