ചെന്നൈ: സനാതന ധർമ്മത്തെ അവഹേളിച്ച് നടത്തിയ പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് കുരുക്കു മുറുകുന്നു. സംഭവത്തിൽ ഉദയനിധിയ്ക്ക് സുപ്രീംകോടതി നോട്ടീസ് നൽകി. സുപ്രീംകോടതിയിൽ ലഭിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
സനാതന ധർമ്മം പകർച്ച വ്യാധി പോലെയാണെന്നും അതിനാൽ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ഇതിൽ ഉദയനിധിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കാൻ തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഉദയനിധിയ്ക്ക് പുറമേ ഡിഎംകെ നേതാവും മന്ത്രിയുമായ എ. രാജയ്ക്കും മറ്റ് 14 ഡിഎംകെ നേതാക്കൾക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയത് എന്ന് വ്യക്തമാക്കണം എന്നാണ് നോട്ടീസിലെ നിർദ്ദേശം.
അതേസമയം ഹർജിയിൽ സുപ്രീംകോടതി തമിഴ്‌നാട് സർക്കാർ, പോലീസ്, ജസിബിഐ എന്നിവരോട് മറുപടി തേടിയിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മറുപടി തേടിയിരിക്കുന്നത്. ഹർജി കോടതി പിന്നീട് പരിഗണിക്കും.
ഈ മാസം രണ്ടിനായിരുന്നു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉദയനിധി വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഉദയനിധിയ്‌ക്കെതിരെ കേസുണ്ട്. ഇതിനിടെയാണ് സുപ്രീംകോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
Discussion about this post