ന്യൂഡല്‍ഹി : ചരിത്ര പരമായ വനിതാ സംവരണ ബില്‍ കൊണ്ടു വന്നതിന് നന്ദിയര്‍പ്പിക്കാനെത്തിയ ബിജെപി വനിതാ മോര്‍ച്ച പ്രവര്‍ത്തകരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലയിട്ട് ആദരിക്കാനെത്തിയവരുടെ കാല്‍ പ്രധാനമന്ത്രി തൊട്ട് വണങ്ങിയപ്പോള്‍ വനിതാ മോര്‍ച്ച പ്രവര്‍ത്തകരും ആശ്ചര്യപ്പെട്ടു. ‘നാരി ശക്തി വന്ദന്‍ അധിനിയാം’ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും പാസായതോടെ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത്.
ഇന്നലെ ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയ്ക്കിടെയാണ് പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ പാര്‍ട്ടിയുടെ വനിതാ മോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. ആട്ടവും പാട്ടുമായി കേന്ദ്ര സര്‍ക്കാരിന്റെ ഈ ചരിത്ര നീക്കത്തെ അവര്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. വേദിയില്‍ മാലയിട്ട് സ്വീകരിക്കാനെത്തിയ വനിതാ പ്രവര്‍ത്തകരുടെ കാല്‍ പ്രധാനമന്ത്രി തൊട്ട് വണങ്ങുകയായിരുന്നു. ഒരു നിമിഷം അന്ധാളിച്ച് പോയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് തലയില്‍ തൊട്ട് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ശേഷമാണ് വേദി വിട്ടത്. ഇതോടെ വീഡിയോയ്ക്ക് സമൂഹ മാദ്ധ്യമങ്ങളിലും വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
#WATCH | Women's Reservation Bill | Women felicitate Prime Minister Narendra Modi at the BJP Headquarters in Delhi; PM bows before them to pay them respect. pic.twitter.com/mBQOkhtHUY
— ANI (@ANI) September 22, 2023
ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായതിന് പുറമേ വനിതാ എംപിമാരും പ്രധാനമന്ത്രിക്ക് സ്വീകരണമൊരുക്കിയിരുന്നു. രാജ്യസഭയിലെയും ലോക്‌സഭയിലെയും വനിതാ എംപിമാരാണ് മോദി മോദി എന്ന ആര്‍പ്പ് വിളികളോടെ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് വളപ്പില്‍ സ്വീകരണമൊരുക്കിയത്. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന നാരീശക്തി വന്ദന്‍ അധിനിയാം ബില്ല് ഇന്നലെയാണ് രാജ്യസഭ പാസാക്കിയത്. ലോക്സഭയില്‍ 454 -2 വോട്ടുകള്‍ക്ക് പാസാക്കിയ ബില്ല് രാജ്യസഭയില്‍ എതിരില്ലാതെയാണ് അംഗീകരിച്ചത്.
Discussion about this post