ചെന്നൈ : ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന ‘ചന്ദ്രമുഖി ‘2 സെപ്റ്റംബർ 28 ന് തീയറ്ററിൽ എത്തും. രാഘവ ലോറൻസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം കങ്കണ റണാവത്താണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീനിയർ ഡയറക്ടർ പി വാസുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി വാസുവിന്റെ അറുപത്തി അഞ്ചാമത്തെ ചിത്രമാണിത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസിനാണ് . ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ശ്രീ ഗോകുലം മൂവീസ്. ‘പൊന്നിയിൽ സെൽവൻ 2’ എന്ന സിനിമയ്ക്ക് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമാണിതെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.
പതിനെട്ടു വർഷങ്ങൾക്കു മുൻപ് ബോക്സോഫീസിൽ ഹിറ്റായ ചന്ദ്രമുഖിയുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. 2005 ഏപ്രിൽ പതിനാലിനു റിലീസ് ചെയ്ത ചിത്രത്തിൽ രജനീകാന്ത്, നയൻതാര, ജ്യോതിക തുടങ്ങിയവരായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്. ഹൊറർ ചിത്രമായ ചന്ദ്രമുഖി 2 വിൽ നർമ്മത്തിനും പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ‘ചന്ദ്രമുഖി 2’ വിന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ വൻ പ്രതീക്ഷയോടെയാണ് ചിത്രത്തെ വരവേൽക്കാനായി ഒരുങ്ങിയിരിക്കുന്നത്.
Discussion about this post