ന്യൂഡൽഹി: ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താനുള്ള ശ്രമങ്ങൾ മാറ്റിവച്ച് ഐഎസ്ആർഒ. ശനിയാഴ്ചത്തേക്കാണ് മാറ്റിവച്ചത്. ഇതിനുള്ള കാരണം ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
ഐഎസ്ആർഒ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ലാൻഡറിനെയും റോവറിനെയും ഉണർത്താൻ ആയിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചില കാരണങ്ങൾ ഇതിനായുള്ള പ്രവർത്തനങ്ങൾ ശനിയാഴ്ച വൈകീട്ടത്തേക്ക് മാറ്റുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഈ മാസം രണ്ടിനാണ് റോവർ ശീതനിദ്രയിലാണ്ടത്. ഇതിന് പിന്നാലെ നാലിന് ലാൻഡറും ശീതനിദ്രയിലാണ്ടു. രണ്ടാഴ്ചയിലധികമായി അതിശൈത്യത്തിൽ കഴിയുന്ന പേടകങ്ങളെ ഉണർത്താൻ കഴിഞ്ഞ ദിവസം ശ്രമങ്ങൾ നടന്നിരുന്നു. ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രമായ ഇസ്ട്രാകിൽ നിന്ന് കമാൻഡുകൾ അയച്ചായിരുന്നു ഇതിന് ശ്രമിച്ചിരുന്നത്. എന്നാൽ പേടകങ്ങൾ പ്രതികരിച്ചിരുന്നില്ല. രണ്ട് ആഴ്ച നീണ്ട രാത്രിയ്ക്ക് ശേഷം മേഖലയിൽ സൂര്യപ്രകാശം പരക്കുന്നതേയുള്ളൂ.
കഴിഞ്ഞ മാസം 23 നായിരുന്നു ചാന്ദ്രയാൻ 3 പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തത്. പേടകം ഇറങ്ങിയ പ്രദേശം ശിവശക്തി പോയിന്റ് എന്നാണ് അറിയപ്പെടുന്നത്. ശീതനിദ്രയിലേക്ക് പോകുന്നതുവരെ നിരവധി പര്യവേഷണമാണ് ലാൻഡറും റോവറും നടത്തിയിരുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം ഉൾപ്പെടെ കണ്ടെത്തിയിരുന്നു.
Discussion about this post