ന്യൂഡൽഹി: ഇന്ത്യയുടെ വികലമായ ഭൂപടം സംപ്രേഷണം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് മോട്ടോ ജിപി. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു തെറ്റ് തിരുത്തി രംഗത്ത് എത്തിയത്. തെറ്റ് സംഭവിച്ചതാണെന്നും ഭൂപടം വികലമായി സംപ്രേഷണം ചെയ്തത് ബോധപൂർവ്വമല്ലെന്നും മോട്ടോ ജിപി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ബുദ്ധ് അന്താരാഷ്ട്ര സർക്യൂട്ടിൽ നടന്ന മത്സരവുമായി ബന്ധപ്പെട്ടുള്ള തത്സമയ സംപ്രേഷണത്തിനിടെയാണ് വികലമായ ഭൂപടം കാണിച്ചത്. ഭൂപടത്തിൽ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും, ലഡാക്കും ഉണ്ടായിരുന്നില്ല. സംപ്രേഷണത്തിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമ ഉപയോക്താക്കൾ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധവും വിമർശനവും ഉയർന്നു. ഇതേ തുടർന്നായിരുന്നു ട്വിറ്ററിലൂടെ മോട്ടോ ജിപി മാപ്പ് പറഞ്ഞത്.
സംപ്രേഷണത്തിനിടെ വീഴ്ച സംഭവിച്ചതിൽ ഇന്ത്യയിലെ ആരാധകരോട് മാപ്പ് പറയുന്നതായി മോട്ടോ ജിപി ട്വിറ്ററിൽ കുറിച്ചു. മനപ്പൂർവ്വം സംഭവിച്ചതല്ല. ഇന്ത്യയെ പിന്തുണയ്ക്കുന്നതും പ്രകീർത്തിക്കുന്നതുമായ പരാമർശങ്ങൾ മാത്രമേ തങ്ങൾ നടത്താറുള്ളൂ. ഇന്ത്യയിൽ മത്സരം നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മോട്ടോ ജിപി ട്വീറ്റ് ചെയ്തു.
Discussion about this post