കർണാടകയുടെ മിസ്റ്ററി സ്പിന്നറും ഐപിഎല്ലിലെ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ കെ.സി. കരിയപ്പ തന്റെ 31-ാം വയസ്സിൽ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ അതീവ വൈകാരികമായ കുറിപ്പിലൂടെയാണ് താരം തന്റെ കരിയറിന് വിരാമമിട്ടത്.
2015-ൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും പരിചയമില്ലാതിരുന്ന കരിയപ്പയെ 2.40 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയപ്പോൾ അത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. തന്റെ ആദ്യ ഐപിഎൽ വിക്കറ്റായി എബി ഡി വില്ലിയേഴ്സിനെ പുറത്താക്കിയ താരം പിന്നീട് പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കായും കളിച്ചു.
വിരമിക്കൽ വേളയിൽ താരം കുറിച്ചത് ഇങ്ങനെ:
“തെരുവുകളിൽ നിന്ന് തുടങ്ങി സ്റ്റേഡിയത്തിലെ വെളിച്ചത്തിന് കീഴിൽ അഭിമാനത്തോടെ ജേഴ്സി അണിയുന്നത് വരെ – ഞാൻ കണ്ട സ്വപ്നത്തിലായിരുന്നു ഇത്രയും കാലം ജീവിച്ചത്. ബിസിസിഐ ക്രിക്കറ്റിൽ നിന്ന് ഞാൻ ഇന്ന് ഔദ്യോഗികമായി വിരമിക്കുന്നു. വിജയങ്ങൾ എന്നെ ചിരിപ്പിച്ചു, പരാജയങ്ങൾ എന്നെ തകർത്തു. പക്ഷേ ക്രിക്കറ്റ് മാത്രം നൽകുന്ന ആ വലിയ സന്തോഷം ഞാൻ അനുഭവിച്ചു. ഐപിഎല്ലിലെ ആ ഏഴ് വർഷങ്ങൾ എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും.”
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചത് കൂടാതെ കർണാടകയ്ക്കും മിസോറാമിനും വേണ്ടി കളിച്ചു. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 23.20 ശരാശരിയിൽ 75 വിക്കറ്റുകൾ വീഴ്ത്തി. എല്ലാ ഫോർമാറ്റുകളിലുമായി 157 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്.












Discussion about this post