കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ശേഷം ജില്ലയിൽ വീണ്ടും തട്ടിപ്പ് നടന്നതായി പരാതി. കുന്നംകുളം കാട്ടാക്കാമ്പാൽ മൾട്ടിപർപ്പസ് സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്.
സഹകരണ ബാങ്കിലെ ഭരണ സമിതി സെക്രട്ടറിയും കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ വി ആർ സജിത്തിനെതിരാണ് പരാതി ഉയർന്നിരിക്കുന്നത് . കോൺഗ്രസിന്റെ പൂർണ നിയന്ത്രണത്തിലുള്ള ബാങ്കാണിത്.
അങ്കണവാടി അധ്യാപികയായ പ്രമീള സുകുമാരനാണ് ഇപ്പോൾ സജിത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. പത്തുവർഷക്കാലമായി സഹകരണ ബാങ്കിൽ നിന്നും വായ്പ ഒന്നും എടുക്കാത്ത പ്രമീളയ്‌ക്കു കഴിഞ്ഞ ദിവസം നോട്ടീസ് വന്നതോടെയാണ് തട്ടിപ്പു നടന്നതായി പരാതിക്കാരി അറിയുന്നത്. ഒൻപതു ലക്ഷം രൂപാ വായ്പാ കുടിശിക ഉണ്ടെന്ന നോട്ടീസാണ് പ്രമീളയ്‌ക്കു വന്നത്. ഇതിനെ തുടർന്ന് ബാങ്കിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഇവരുടെ പേരിൽ തട്ടിപ്പു നടന്നതായി അറിയുന്നത്. അങ്കണവാടിയ്ക്ക് ഭൂമി വാങ്ങുന്നതിനായി വായ്പ എടുക്കാൻവേണ്ടി പ്രമീള വേതന രേഖ ബാങ്കിൽ നൽകിയിരുന്നു. വായ്പ കിട്ടില്ലെന്ന് ബാങ്കിൽ നിന്നും അറിയിച്ചെങ്കിലും വേതന രേഖ തിരികെ നൽകിയിരുന്നില്ല . അധ്യാപികയുടെ വേതന രേഖ ഉപയോഗിച്ച് സജിത്ത് വലിയ തുക ബാങ്കിൽ നിന്നും വായ്പ എടുക്കുകയായിരുന്നു. അങ്കണവാടിയിൽ നിന്നും ലഭിക്കുന്ന ശമ്പളം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇത്രയും തുക തിരികെ അടയ്ക്കാൻ പ്രമീളയ്‌ക്കു കഴിയില്ല. സജിത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രമീള അറിയിച്ചു.
സജിത്തിനെതിരെ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ പരാതി ലഭിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് കേസെടുത്തു. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗം കൂടിയായ സജിത്ത് പരാതി ഉയർന്നതിനെ തുടർന്നിപ്പോൾ ഒളിവിലാണ്.സഹകരസംഘത്തിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടാണ് തട്ടിപ്പു നടന്നതെന്ന് ബി ജെ പി യും സി പി എമ്മും ആരോപിച്ചു. സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തവരുടെയെല്ലാം രേഖകൾ സൂക്ഷ്മായി പരിശോധിച്ചു വരികയാണെന്ന് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് അഡ്വ: ലത്തീഫ് അറിയിച്ചു.
Discussion about this post