പാലക്കാട്: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സംഘം രൂപീകരിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുവാവ് പിടിയിൽ. മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നബീൽ അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് സഹീർ തുർക്കി. ഒളിവിൽ കഴിയാൻ നബീലിനെ സഹായിച്ചത് സഹീറാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹീറിനെ പിടികൂടിയത്.
ഒളിവിൽ പോകാനും താമസിക്കാനും നബീലിന് സഹായം നൽകിയത് സഹീറാണ്. അവന്നൂരിലെ ലോഡ്ജിലായിരുന്നു സഹീർ മുറിയെടുത്ത് നൽകിയത്. ഒരു മാസത്തേക്കായിരുന്നു മുറി ഏർപ്പാടാക്കിയത്. ലോഡ്ജിൽ മുറിയെടുക്കാൻ നൽകിയ പേരും അഡ്രസുമെല്ലാം ഇയാളുടേത് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം ലോഡ്ജിൽ എത്തി എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. നബീലിന് സിം കാർഡ് വാങ്ങി നൽകിയതും ഒളിവിൽ പോകാൻ പണം നൽകിയതും സഹീറാണ്.
സഹീറിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ എൻഐഎ പരിശോധന നടത്തി. ഇവിടെ നിന്നും നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.












