ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ചണ്ഡീഗഡിലെ ഒരു വീടും അമൃത്സറിൽ ഇയാളുടെ പേരിലുള്ള സ്ഥലവുമാണ് എൻഐഎ കണ്ടുകെട്ടിയത്. ഖാലിസ്ഥാനി അനുകൂല ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ ജനറൽ കൗൺസിലറാണ് പന്നു.
കാനഡയിൽ കഴിയുന്ന ഹിന്ദുക്കൾ എത്രയും വേഗം ഇന്ത്യയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുന്ന പന്നുവിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ‘ഇന്തോ-കനേഡിയൻ ഹിന്ദുക്കൾക്ക് കാനഡയോടും കനേഡിയൻ ഭരണഘടനയോടും കൂറില്ലെന്ന് തെളിയിച്ചു കഴിഞ്ഞു. എത്രയും പെട്ടെന്ന് കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകൂക. എന്നാൽ ഖാലിസ്ഥാൻ അനുകൂല സിഖുകാർ എപ്പോഴും കാനഡയോട് വിശ്വസ്തരായിരുന്നു. അവർ എല്ലായ്പ്പോഴും കാനഡയുടെ പക്ഷത്തായിരുന്നു” എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
അതേസമയം ഇയാളുടെ ഭീഷണി തള്ളി കനേഡിയൻ സർക്കാർ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്ന് കാനഡ പബ്ലിക് സേഫ്റ്റി മന്ത്രാലയം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഈ വീഡിയോ അങ്ങേയറ്റം പ്രകോപനകരവും വിദ്വേഷജനകവുമാണെന്ന് സർക്കാർ ആരോപിച്ചു. കനേഡിയൻ പൗരന്മാരോടും അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള അനാദരവാണിത്. കാനഡയിലുള്ളവർ പരസ്പരം ബഹുമാനിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.
Discussion about this post