ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ കേന്ദ്രസർക്കാർ ഗൗരവ സമീപനമല്ല സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ – ഭാരത് വിവാദം വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ബില്ല് ഇപ്പോൾ കൊണ്ടുവന്ന വിചിത്ര ആരോപണവും രാഹുൽ ഉന്നയിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ.
വനിതാ സംവരണ ബില്ല് ആയിരുന്നില്ല ബിജെപിയുടെ ലക്ഷ്യം. ഇന്ത്യ- ഭാരത് വിഷയമായിരുന്നു. അതിനാണ് അവർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. പക്ഷെ പിന്നീട് വനിതാ സംവരണ ബില്ലിലേക്ക് മാറുകയായിരുന്നുവെന്നാണ് രാഹുലിന്റെ കണ്ടെത്തൽ. പത്ത് വർഷത്തോളം ബില്ല് നടപ്പിലാക്കാൻ വൈകുമെന്നും അവരുടെ അനുകൂല സമീപനം മുതലെടുക്കാനാണ് നീക്കമെന്നും രാഹുൽ ആരോപിച്ചു.
വനിതാ സംവരണ ബില്ല് അവതരിപ്പിച്ചതിലും പാസാക്കിയതിലും രാജ്യം മുഴുവൻ നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിക്കുകയാണ്. അതിനിടയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവത്തിലല്ലെന്ന രാഹുലിന്റെ ആരോപണം.
കോൺഗ്രസിന്റെ പിന്തുണ ബില്ലിനുണ്ടെന്ന് പറഞ്ഞ രാഹുൽ എത്രയും വേഗം ബില്ല് നടപ്പാക്കണമെന്നും പുതിയ സെൻസസിനും മണ്ഡല പുനർനിർണയത്തിനായും കാത്തിരിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ വർഷങ്ങൾക്ക് മുൻപേ കോൺഗ്രസിന് അവസരമുണ്ടായിട്ടും ബില്ല് പാർലമെന്റിൽ പാസാക്കി നിയമമാക്കാൻ ശ്രമിക്കാതിരുന്ന വീഴ്ചയെക്കുറിച്ച് രാഹുൽ ഒന്നും മിണ്ടിയില്ല.
മറ്റ് പിന്നാക്ക വിഭാഗത്തിലെ വനിതകൾക്ക് ബില്ലിന്റെ പ്രയോജനം വേണമെന്നാണ് കോൺഗ്രസിന്റെ അഭിപ്രായമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post