ഒരിക്കലെങ്കിലും ദൂരയാത്ര ചെയ്യേണ്ടി വന്ന സ്ത്രീകളോട് ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ഥലമേതെന്ന് ചോദിച്ചാൽ പൊതുശൗചാലയങ്ങൾ എന്നാണ് ഉത്തരം ലഭിക്കുക. അവർ അത്രയേറെ വെറുക്കുന്ന പോകാൻ പോലും അറയ്ക്കുന്ന ഇടങ്ങളാണ് പൊതുശൗചാലയങ്ങൾ. പലയിടത്തും ഇപ്പോഴും ആവശ്യാനുസരണം ശൗചാലയങ്ങൾ പോലും ഇല്ല. ഉള്ളത് ആവട്ടെ വൃത്തിയായി പരിപാലിക്കാത്തത് കൊണ്ട് ഉപയോഗശൂന്യമായി മാറുന്നു. നിയമലംഘനമാണെങ്കിലും ഏതെങ്കിലും ചുവരിന്റെ മറവിൽ നിന്ന് കൊണ്ട് ആണുങ്ങൾക്ക് കര്യം സാധിക്കാം. എന്നാൽ സ്ത്രീകൾ എന്ത് ചെയ്യും? പൊതുശൗചാലയത്തിൽ പോകാതെ മൂത്രം പിടിച്ചുനിർത്തുന്നതാവും പലരും കണ്ടെത്തുന്ന പോംവഴി. പക്ഷേ ഇത് പല രോഗങ്ങൾക്കും കാരണമാകും.
ഈ സാഹചര്യത്തിൽ പൂർണമായും ഈ പ്രശ്‌നത്തിന് പരിഹാരമല്ലെങ്കിലും ഒരു പരിധിവരെ പൊതുശൗചാലയങ്ങൾ അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. യുവജനങ്ങൾക്കിടയിൽ ഇത് ട്രെൻഡിംഗാണെങ്കിലും പലർക്കും പരിചിതമല്ലാത്ത ഉത്പന്നങ്ങളും ഇപ്പോൾ വിദേശീയരടക്കം ഉപയോഗിച്ച് വരുന്നുണ്ട്.നമുക്കവയെ ഒന്ന് പരിചയപ്പെട്ടാലോ?
1 ടോയ്‌ലറ്റ് സീറ്റ് സാനിറ്റൈസർ സ്പ്രേ
കൊറോണയുടെ വരവോട് കൂടി സാനിറ്റൈസർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ ടോയ്‌ലറ്റ് സീറ്റ് സാനിറ്റൈസറും വിപണികളിൽ ലഭ്യമാണ്. പീ സേഫ് എന്ന ബ്രാൻഡിന്റെ ഉത്പന്നങ്ങളാണ് വിപണി കീഴടക്കിയിരുന്നത്. പല ഫ്രേഗ്രൻസുകളിൽ വരുന്ന ഈ സാനിറ്റൈസർ കേവലം 10 സെക്കൻഡ് കൊണ്ടാണ് ടോയ്‌ലറ്റ് സീറ്റിനെ അണുവിമുക്തമാക്കുന്നത്.
ടോയ്‌ലറ്റ് സീറ്റിന് 25 സെന്റീമീറ്റർ അകലത്തിൽ വച്ച് സ്‌പ്രേ ചെയ്തശേഷം 10 മിനിറ്റ് കാത്തിരിക്കുക. പോക്കറ്റ് ഫ്രണ്ട്‌ലി പായ്ക്കിങ്ങിൽ വരുന്ന ഇതിന്റെ പാക്കേജിംഗ് ദീർഘദൂര യാത്രകളിൽ വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.
2 ഡിസ്‌പോസിബിൾ ടോയ്‌ലറ്റ് സീറ്റ് കവറുകൾ
സാനിറ്റൈസർ ഉപയോഗിച്ചാലും ഇരിക്കാൻ പോലും തോന്നാത്ത വൃത്തിഹീനമായ രീതിയിലാണ് ടോയ്‌ലറ്റ് സീറ്റ് ഉള്ളതെങ്കിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഒന്നാണ് ഡിസ്‌പോസിബിൾ ടോയ്‌ലറ്റ് സീറ്റ് കവറുകൾ. ഭാരം കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇത്തരം ടോയ്‌ലറ്റ് കവറുകൾ ഉപയോഗത്തിന് ശേഷം ഫ്‌ളഷ് ചെയ്ത് കളയുകയേ വേണ്ടു.
3 ഇന്റിമേറ്റ് വൈപ്പുകൾ
പൊതു ശുചിമുറികളിൽ ടോയ്‌ലറ്റ് പേപ്പറുകൾ ഉണ്ടാവില്ല. വെള്ളം ഉണ്ടെങ്കിലും സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാൻ അവ ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നത് സംശയമാണ്. ഈ സാഹചര്യത്തിൽ ആൽക്കഹോൾ ഫ്രീ ആയ ഇന്റിമേറ്റ് വൈപ്പുകൾ ഉപയോഗിക്കുന്നത് വ്യക്തിശുചിത്വം ഉറപ്പാക്കുന്നു.
4 മൾട്ടി പർപ്പസ് സ്പ്രേ
പൊതുശുചിമുറികൾ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ടാപ്പുകളും വാതിലുകളും മഗുകളും സ്പർശിക്കേണ്ടി വരുന്നു. ഇവയിലെ രോഗാണുക്കളെ അകറ്റി നിർത്താൻ മൾട്ടി പർപ്പസ് സ്പ്രേ ഉപയോഗിക്കാം
5 സ്റ്റാൻഡ് ആൻഡ് പീ
എത്ര വൃത്തിഹീനമായ ശുചിമുറിയാണെങ്കിലും പുരുഷന്മാർക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ സാധിക്കുന്നത് ഒരുപരിധി വരെ വ്യക്തിശുചിത്വം പാലിക്കാൻ സഹായിക്കുന്നു. എന്നാൽ സ്ത്രീകളുടെ കാര്യമോ? ഈ അവസരത്തിലാണ് സ്റ്റാൻഡ് ആൻഡ് പീ ഉപയോഗപ്രദമാകുന്നത്. സ്ത്രീകളെ നിന്നുകൊണ്ട് മൂത്രം ഒഴിക്കാൻ സഹായിക്കുന്ന ഉപകരണമാണിത്. പുനരുപയോഗിക്കാവുന്ന സ്റ്റാൻഡ് ആൻഡ് പീ ഉപകരണം വിപണിയിൽ ലഭ്യമാണ്. പീ ബഡി എന്ന ബ്രാൻഡിന്റെ ഉത്പന്നങ്ങളാണ് യുവാക്കൾക്ക് പ്രിയങ്കരം. ഫീമെയിൽ യൂറിനേഷൻ ഡിവൈസ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.
6 ടോയ്‌ലറ്റ് ബൗൾ ക്ലീനർ
ടോയ്‌ലറ്റിൽ കറകൾ പറ്റിപ്പിടിച്ചിരിക്കുന്നത് അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ ടോയ്‌ലറ്റ് ബൗൾ ക്ലീനറുകൾ സഹായകരമാകും. അൽപ്പം ടോയ്‌ലറ്റിലേക്ക് ഒഴിച്ച് ഫ്‌ളഷ് ചെയ്താൽ കറകൾ മാറുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.
Discussion about this post