ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച യൂട്യൂബറെ സോഷ്യൽ മീഡിയ തലവനാക്കി കോൺഗ്രസ്. യൂട്യൂബർ അവി ദന്ദിയയെ ആണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഇൻ ചാർജ് ആയി നിയമിച്ചത്. പുൽവാമ ഭീകരാക്രമണം കേന്ദ്രം ആസൂത്രിതമായി നടപ്പിലാക്കിയത് ആണ് എന്നായിരുന്നു ഇയാൾ സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിയ പ്രചാരണം.
തന്റെ ട്വിറ്ററിൽ അക്കൗണ്ടിലൂടെ അവി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഇൻ ചാർജ് ആയി തന്നെ നിയമിച്ചതിൽ രാഹുൽ ഗാന്ധിയ്ക്ക് നന്ദി പറയുന്നു. എല്ലാവർക്കും നന്ദി. ഇനിയാണ് കളിയെന്നും അവി ട്വിറ്ററിൽ കുറിച്ചു.
44 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആണെന്ന് ആയിരുന്നു അവിയുടെ പ്രചാരണം. 2019 ൽ ഭീകരാക്രമണം നടത്തുമ്പോൾ രാജ്‌നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയും, അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷനുമായിരുന്നു. ഇരുവരും ഒരു സ്ത്രീയോട് പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിന്റേത് എന്ന പേരിൽ ഇയാൾ വ്യാജ ശബ്ദസന്ദേശവും പ്രസിദ്ധീകരിച്ചിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ അവിയ്‌ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
Discussion about this post