ന്യൂഡല്‍ഹി: ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ളവരെ അനുമോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് ചാന്‍സിലര്‍മാരും മിടുക്കരായ വിദ്യാര്‍ഥികളും അടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ക്ക് പ്രധാമന്ത്രിയുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നതിനാണ്് നാളെ ജി 20 യൂണിവേഴ്‌സിറ്റി കണക്ട് ഫിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വച്ച് നാളെ വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി ആരംഭിക്കുക. വിവിധ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, രാജ്യത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ പരിപാടിയില്‍ അവസരമുണ്ടാകും.
‘എന്റെ യുവസുഹൃത്തുക്കളേ, ഈ മാസം 26-ന് നടക്കുന്ന ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് ഫിനാലെയില്‍ നിങ്ങള്‍ പങ്കെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ പ്രാധാന്യം രാജ്യത്തുടനീളം എത്തിക്കുന്നതിന് വേണ്ടി, കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ്, അതിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിച്ചു. ഭാരതത്തിന്റെ ഊര്‍ജ്ജസ്വലരായ യുവ ശക്തി രാജ്യത്തിന്റെ സാംസ്‌കാരിക ദൂതന്‍മാരായി മാറി ഉച്ചകോടിയുടെ വന്‍ വിജയത്തിനായി പരിശ്രമിച്ചത് ലോകം മുഴുവന്‍ ആശ്ചര്യത്തോടെയാണ് കണ്ടത്. യുവ ജനങ്ങള്‍ക്ക് ജി 20 സമിതി എന്താണെന്നും അതിന്റെ പ്രധാന്യമെന്താണെന്നും മനസ്സിലാക്കിക്കുന്നതിനും അവരില്‍ ലോകത്തോട് കൂട്ടായ പ്രതിബദ്ധതാ മനോഭാവം വളര്‍ത്തിയെടുക്കാനും ഈ സമിതിയിലൂടെ സാധിച്ചു. 2047 ആകുമ്പോഴേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനായി ഈ യുവാക്കളെ പ്രാപ്തരാക്കാനും ഇതിലൂടെ സാധിച്ചു’, പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്തെ യുവശക്തിയുടെ അനുഭവങ്ങള്‍ കേള്‍ക്കാനും അതില്‍ നിന്ന് കൂടുതല്‍ അറിവുകള്‍ ഉള്‍ക്കൊണ്ട് നടത്താനും താന്‍ ആകാംക്ഷയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകളെ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. ഉച്ചകോടിയുടെ വിജയകരമായ പരിസമാപ്തിയില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളെ പറ്റിയും ജി 20 ടീമിലെ പ്രധാന അംഗങ്ങള്‍ ചടങ്ങില്‍ സംസാരിക്കും. ജി 20 സെക്രട്ടേറിയറ്റിന്റെ പിന്തുണയോടെ ന്യൂ ഡല്‍ഹിയിലെ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്പിംഗ് കണ്‍ട്രീസ് (ആര്‍ഐഎസ്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
Discussion about this post