ഹൈദരാബാദ്: ശ്രീ പെദ്ദമ്മ തല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി താരങ്ങളായ കങ്കണാ റണാവതും രാഗവ ലോറൻസും. പുതിയ ചിത്രം ചന്ദ്രമുഖി 2 ന്റെ റിലീസിന് മുന്നോടിയായിട്ടാണ് ഇരുവരുടെയും ക്ഷേത്ര ദർശനം. തൊഴുത് മടങ്ങുന്ന താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെയോടെയായിരുന്നു ഇവർ ക്ഷേത്രത്തിൽ എത്തിയത്. താരങ്ങൾക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ പി വാസു, നടി മഹിമ നമ്പ്യാർ എന്നിവരും ഉണ്ടായിരുന്നു. വിവിധ വഴിപാടുകൾ കഴിച്ച ശേഷമായിരുന്നു താരങ്ങൾ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ഒരു മണിക്കൂറോളം നേരം ഇവർ ക്ഷേത്രത്തിൽ ചിലവഴിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം ഇൻസ്റ്റഗ്രാമിലൂടെ കങ്കണയും രാഗവ ലോറൻസും തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഹൈദരാബാദിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് പെദ്ദമ്മ തല്ലി. ഇവിടുത്തെ ബോനാലു ഉത്സവം ഏറെ പ്രസിദ്ധമാണ്.
ഈ മാസം 28 നാണ് ചന്ദ്രമുഖി 2 ന്റെ റിലീസ്. ചന്ദ്രമുഖി ഒന്നിൽ രജനികാന്ത്, ജ്യോതിക, പ്രഭു എന്നിവരായിരുന്നു അഭിനയിച്ചിരുന്നത്. ഈ ചിത്രമിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രമുഖി 2 റിലീസിനൊരുങ്ങുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Discussion about this post