ഭോപ്പാൽ : കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ തകർക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തു വികസനങ്ങൾ ഒന്നും നടന്നിരുന്നില്ല. ബി ജെ പി സർക്കാർ വന്നതിനു ശേഷമാണു സംസ്ഥാനത്തു വികസനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിൽ ബി ജെ പി മഹാസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്സ് ഭരണകാലത്ത് സംസ്ഥാനത്ത് തകർന്ന റോഡുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് സംസ്ഥാനത്തുടനീളം ഞങ്ങൾ ഗതാഗത യോഗ്യമായ റോഡുകൾ നിർമ്മിച്ച് കഴിഞ്ഞു. കോൺഗ്രസ്സ് ഭരിക്കുമ്പോൾ ആകെ രണ്ടു മൂന്നു മണിക്കൂറുകൾ മാത്രമാണ് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്നത്. സംസ്ഥാനത്തിപ്പോൾ വൈദ്യുതി ഉൽപ്പാദനം 29000 മെഗാവാട്ടായി ഉയർത്തി. പരിമിതമായിരുന്നു ജലസേചന സൗകര്യങ്ങൾ ഇപ്പോൾ നാല്പത്തേഴു ലക്ഷം ഹെക്ടർ ആയി ഉയർത്തി.
സംസ്ഥാനത്തുള്ള 1.36 കോടി ജനങ്ങളെ ദരിദ്ര രേഖയ്ക്ക് മുകളിലെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു. കോൺഗ്രസ്സ് ഭരിക്കുമ്പോൾ കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ എന്നിവ സംസ്ഥാനത്തു നടപ്പിലാക്കിയില്ല. എന്നാൽ ബി ജെ പി സർക്കാർ അധികാരത്തിൽ എത്തിയത്തിനു ശേഷം സംസ്ഥാനത്ത് 67 ലക്ഷം വീടുകളിൽ ശുദ്ധജലം എത്തിക്കാൻ സാധിച്ചു.
മധ്യപ്രദേശിലെ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭ്യമാക്കിയത് ബി ജെ പി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അർഹരായ കർഷകരുടെ ലിസ്റ്റ് സർക്കാർ കേന്ദ്രത്തിനു നൽകിയില്ല . ബി ജെ പി സർക്കാർ എത്തിയ ശേഷം എൺപതുലക്ഷം ഗുണഭോക്താക്കൾക്കാണ് പണം ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു. ബി ജെ പി സർക്കാർ എത്തിയ ശേഷമാണ് സംസ്ഥാനത്ത് വികസനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post