കൊച്ചി : ഭൂപരിധി നിയമ ലംഘനത്തില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്ക് വീണ്ടും തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന 6 ഏക്കര്‍ ഭൂമി കണ്ടുകെട്ടാന്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അന്‍വര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 6.24 ഏക്കര്‍ ഭൂമി ഒരാഴ്ചക്കകം തിരിച്ചുപിടിക്കാനാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്.
14 ഏക്കര്‍ ഭൂമിയാണ് അന്‍വര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നതെന്നും അവ കണ്ടുകെട്ടണം എന്നുമായിരുന്നു ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോര്‍ട്ട്. എന്നാല്‍ നിയമ ലംഘനം കണ്ടെത്തിയ മുഴുവന്‍ ഭൂമിയും കണ്ടുകെട്ടണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. അതേസമയം, നേരത്തെ അന്‍വറും കുടുംബവും അനധികൃതമായി കൈവശം വച്ചെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയത് 19 ഏക്കര്‍ ഭൂമിയായിരുന്നു. എന്നാലത് ഇപ്പോള്‍ ആറേകാല്‍ ഏക്കറായി ചുരുങ്ങിയതിന് നിരവധി കാരണങ്ങളാണ് ലാന്‍ഡ് ബോര്‍ഡ് പറയുന്നത്.
അന്‍വറും ബിസിനസ് പങ്കാളികളും തമ്മിലുളള പാര്‍ണര്‍ഷിപ്പ് കരാറുള്‍പ്പെടെയുളള കാര്യങ്ങള്‍ പരിഗണിച്ചെന്നാണ് ഇപ്പോള്‍ ആറേകാല്‍ ഏക്കര്‍ മാത്രം കണ്ടു കെട്ടാന്‍ തീരുമാനിച്ചതെന്നാണ് ലാന്‍ഡ് ബോര്‍ഡിന്റെ വാദം. എന്നാല്‍ ഇത് ഒത്തുകളിയെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കകം നടപടി കൈക്കൊള്ളാനാണ് ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശം.
Discussion about this post