ന്യൂഡല്‍ഹി : കഴിഞ്ഞ 30 ദിവസത്തില്‍ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങള്‍ കീഴടക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി സുപ്രധാനമായ തീരുമാനങ്ങള്‍ക്കാണ് ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ നേതൃത്വം നല്‍കിയത്. ഇന്ത്യ അധ്യക്ഷത വഹിച്ച പരിപാടി സമ്പൂര്‍ണ വിജയമാക്കിയതില്‍ രാജ്യത്തെ യുവത്വത്തിനും പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വച്ച് നടന്ന ജി 20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി20 ഉച്ചകോടി, ചാന്ദ്ര, സൗരോര്‍ജ്ജ ദൗത്യങ്ങള്‍, ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നതടക്കമുള്ള രാജ്യത്തിന്റെ നേട്ടങ്ങളെ പ്രധാനമന്ത്രി എണ്ണിയെണ്ണി പ്രശംസിച്ചു. “ഇക്കഴിഞ്ഞ 30 ദിവസം കൊണ്ട് ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങള്‍ കീഴടക്കി. ജി 20 യുടെ സമ്പൂര്‍ണ്ണമായ വിജയത്തിന് നിങ്ങള്‍ വിദ്യാര്‍ഥികള്‍ ഒരോരുത്തരും കാരണക്കാരാണ്. കറച്ച് ദിവസങ്ങള്‍ക്ക് ഭാരത് മണ്ഡപം ലോകത്തിന് മുന്നില്‍ സംഭവ ബഹുലമായ സ്ഥലമായിരുന്നു. അതേ ഭാരത് മണ്ഡപത്തിലാണ് എന്റെ രാജ്യത്തിന്റെ ഭാവി തലമുറ ഇപ്പോള്‍ ഇരിക്കുന്നത് എന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടി കണ്ട് ലോക രാഷ്ട്രങ്ങള്‍ ആശ്ചര്യപ്പെട്ടു. എന്നാല്‍ എനിക്ക് അത്ഭുതമില്ല, എന്തെന്നാല്‍ നിങ്ങളെ പൊലയുളള യുവാക്കള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്ന പരിപാടികള്‍ വിജയകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. യുവാക്കളാണ് യഥാര്‍ത്ഥ സൂപ്പര്‍ പവര്‍. ആഗോള സഹകരണത്തിലൂടെ യുവജന ശാക്തീകരണം ഇനിയും നമുക്ക് ഉയര്‍ത്തേണ്ടതുണ്ട്. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റുന്നതിനായി രാജ്യത്തെ യുവാക്കളുടെ പിന്തുണ ഉണ്ടാവണം”, പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു മാസം രാജ്യം നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിച്ചു. “ഓഗസ്റ്റ് 23-ന് ലോകം മുഴുവനും കേട്ടത് ‘ഭാരതം ചന്ദ്രനില്‍’ എന്നായിരുന്നു. ചാന്ദ്ര ദൗത്യം വിജയമായതിന് തൊട്ടു പിന്നാലെ ഭാരതം സൂര്യ ദൗത്യത്തിനും വിജയകരമായി തുടക്കമിട്ടു. രാജ്യത്തിനായി നല്ലത് ചെയ്യാന്‍ ചെയ്യാന്‍ നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു. ജി 20 ന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ ശ്രമഫലമായി ആറ് പുതിയ രാജ്യങ്ങളെ ബ്രിക്സ് കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. ശേഷം, ഞാന്‍ ഗ്രീസ് സന്ദര്‍ശിച്ചു, കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. ജി 20 ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഇന്തോനേഷ്യയില്‍ നിരവധി ലോക നേതാക്കളുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. അതിന് പിന്നാലെ ജി 20യിലൂടെ ലോകത്തിനായി വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചു. ഇന്ത്യ മുന്‍കൈ എടുത്തതോടെ ആഫ്രിക്കന്‍ യൂണിയന്‍ ജി 20 യില്‍ സ്ഥിരാംഗമായി”, മോദി കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട അന്താരാഷ്ട്ര സമൂഹത്തില്‍ നിരവധി രാജ്യങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരുന്നത് ചെറിയ കാര്യമല്ല. ലോകം ഉറ്റുനോക്കുന്ന സ്ഥലമായി ന്യൂഡല്‍ഹി മാറി. നിരവധി സുപ്രധാന തീരുമാനങ്ങളും സംരംഭങ്ങള്‍ക്കുമാണ് ഇന്ത്യ നേതൃത്വം വഹിച്ചത്. ജി 20 ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് 21 ാം നൂറ്റാണ്ടിന്റെ ദിശ മാറ്റാനുള്ള കഴിവുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മെയ്ക്ക് ഇന്‍ ഇന്ത്യ, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കായി കൊണ്ടു വന്ന പദ്ധതികളെ പിന്തുണയ്ക്കണമെന്ന് യുവാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഒരു നോട്ട്ബുക്കിലോ മൊബൈലിലോ വിദ്യാര്‍ഥികള്‍ ദൈനംദിനം ഉപയോഗിക്കുന്ന സാധനങ്ങളുടെ പേര് എഴുതി വയ്ക്കുക. എന്നിട്ടവയില്‍ എത്ര ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്നുവെന്നും എത്ര വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങളാണ് ഉള്ളതെന്നും കണ്ടെത്തുക. ഇന്ത്യയെ 2047 ഓടെ വികസിത രാജ്യമാക്കി മാറ്റാനുള്ള ആശയങ്ങള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post