ആലപ്പുഴ: പാറശാല ഷാരോൺ കൊലക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യപ്രതിയായ ഗ്രീഷ്മ ജയിൽമോചിതയായി. ഇന്നലെ രാത്രിയോടെ മാവേലിക്കര കോടതിയിൽ റിലീസിംഗ് ഓർഡറുമായെത്തിയാണ് അഭിഭാഷകർ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 15നാണ് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് മാവേലിക്കര സബ് ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മ പുറത്തിറങ്ങുന്നത്.
അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ജയിലിന് പുറത്ത് വച്ച് ഗ്രീഷ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റണമെഎന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണോയെന്ന ചോദ്യത്തോട് അത് കോടതിയിൽ ഉള്ള കാര്യമല്ലേ എന്നയാിരുന്നു ഗ്രീഷ്മയുടെ മറുപടി. എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെന്നും ഗ്രീഷ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ ഗ്രീഷ്മ ബന്ധുക്കൾക്കൊപ്പം പോവുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രണയബന്ധത്തിൽ നിന്ന് മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ ഷാരോണിനെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുറ്റകൃത്യത്തിന് സഹായം നൽകിയതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.












