വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈകളിൽ ഹാനികരമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു എന്നാണ് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളത്. ഇത്തരം ഹെയർ ഡൈകൾ സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ചർമ്മത്തിനും ശ്വസനത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. രോഗപ്രതിരോധ സംവിധാനങ്ങൾ തകരാറിലാക്കുകയും കാൻസർ പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയും രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ഹെയർ ഡൈകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാവുന്നതാണ്. ഈ പ്രശ്നത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത ഹെയർ ഡൈകളുടെ ഉപയോഗം. അപ്പോൾ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ചില ഹെയർ ഡൈകളെ കുറിച്ച് അറിയാം.
മുടിക്ക് കറുത്ത നിറം നൽകാൻ ഏറ്റവും ഉപയോഗപ്രദമായ പ്രകൃതിദത്ത വസ്തുവാണ് നീലയമരി. നീലിഭൃംഗാദി പോലെയുള്ള പല എണ്ണകളിലും ഈ ചേരുവ അടങ്ങിയിട്ടുണ്ട്. ഇൻഡിക്ക പൗഡർ എന്ന പേരിൽ വിപണിയിൽ നിന്നും നമുക്ക് നീലയമരി പൊടി വാങ്ങാൻ കഴിയുന്നതാണ്. ഇത്തരത്തിൽ പൊടിയായി വാങ്ങുന്ന നീലയമരിക്കൊപ്പം മറ്റുചില ചേരുവകൾ കൂടി ചേർക്കുന്നത് കൂടുതൽ ഗുണം നൽകുന്നതാണ്. അതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് വലിയ സ്പൂൺ തേയില നന്നായി തിളപ്പിച്ച് എടുക്കണം. തണുത്ത ശേഷം ഈ തേയില വെള്ളത്തിൽ നീലയമരി പൊടിയും മൈലാഞ്ചി പൊടിയും ചേർത്ത് കുഴമ്പ് പരുവത്തിൽ ആക്കി മുടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ചെമ്പരത്തിത്താളിയോ ചെറുപയർ പൊടിയോ ഉപയോഗിച്ച് തല കഴുകുക. കൂടുതൽ ദിവസങ്ങൾ മുടി കറുപ്പോടെ ഇരിക്കാൻ ഈ വഴി ഏറെ സഹായകരമാണ്.
അഞ്ച് പൈസ ചിലവില്ല; പച്ചവെള്ളം ഉപയോഗിച്ചും മുഖം കണ്ണാടിപോലെയാക്കാം; മാർഗങ്ങളിതാ
മുടി കറുപ്പിക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന മറ്റൊരു കൂട്ടാണ് തൈര്-കാപ്പിപൊടി മിശ്രിതം. ഇതിനായി മൂന്ന് സ്പൂൺ തൈര് രണ്ട് സ്പൂൺ കാപ്പിപ്പൊടി 2 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് ഇളക്കി മിശ്രിതമാക്കുക. ഈ മിശ്രിതം അരമണിക്കൂർ നേരം വെച്ചതിനുശേഷം വേണം തലയിൽ പുരട്ടുവാൻ. അരമണിക്കൂറിന് ശേഷം ഈ കൂട്ട് തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം പ്രകൃതിദത്തമായ താളി ഉപയോഗിച്ച് തല കഴുകുക. ഇത്തരത്തിൽ പ്രകൃതിദത്തമായ രീതിയിൽ മുടിക്ക് നിറം നൽകുന്നതു വഴി രാസവസ്തുക്കളിൽ നിന്നും ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് അകന്നുനിൽക്കാവുന്നതാണ്.
Discussion about this post