2018 ൽ കേരളത്തെ ദുരന്തത്തിൽ ആഴ്ത്തിയ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ്
ആൻ്റണി ജോസഫ് സംവിധാനം ചെയ്ത ‘2018: എവരിവൺ ഈസ് എ ഹീറോ’ 2024 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ നോമിനേഷനായി പ്രഖ്യാപിച്ചു.
തീയേറ്ററുകളിൽ വൻപ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണിത്. 2023ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും കൂടിയാണ് 2018.
96-ാമത് ഓസ്‌കർ പുരസ്കാര ചടങ്ങ് 2024 മാർച്ച് 10ന് ലോസ് ഏഞ്ചൽസിൽ വച്ചാണ് നടക്കുക. 2023ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2018 തിരഞ്ഞെടുക്കപ്പെട്ടത് ചിത്രത്തിന് ലഭിച്ച അവിശ്വസനീയമായ അംഗീകാരമാണെന്ന് നടൻ ടോവിനോ തോമസ് പറഞ്ഞു. “ഒരു നടനെന്ന നിലയിൽ എനിക്ക് മാത്രമല്ല ഈ പ്രോജക്റ്റിലേക്ക് അവരുടെ ഹൃദയവും ആത്മാവും പകർന്ന മുഴുവൻ ടീമിനും അഭിമാനകരമാണ് ഇത്.’2018 : ഏവരിവൺ ഈസ് എ ഹീറോ’ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സഹിഷ്ണുതയുടെയും പോരാട്ടത്തിൻ്റെയും പ്രതിഫലനമാണ്. അരാജകത്വത്തിനും നാശത്തിനുമിടയിൽ എവിടെയോ പ്രത്യാശയുടെ തിളക്കമുണ്ടെന്നും അത് ഏറ്റവും കൂടുതൽ പ്രകാശിപ്പിക്കുന്നത് മനുഷ്യത്വമാണെന്നും എല്ലാവരേയും ഓർമ്മിപ്പിക്കുകയാണ് സിനിമയിലൂടെ ഞങ്ങൾ ഉദ്ദേശിച്ചത്. ഈ നാമനിർദ്ദേശം ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഉദാഹരണമായി കാണുന്നു. നമ്മുടെ പ്രേക്ഷകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയപോലെ രാജ്യാന്തരപ്രേക്ഷകരിലും ചിത്രം പ്രതിധ്വനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ടോവിനോ കൂട്ടിച്ചേർത്തു.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, ഇന്ദ്രൻസ്, ജി ജോസഫ്, സുധീഷ്, വിനിത കോശി, അജു വർഗീസ്, തൻവി റാം, ഗൗതമി നായർ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Discussion about this post