അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. ക്ഷേത്രം ഓരു ദിവസത്തിൽ 12 മണിക്കൂറോളം സമയം തുറന്നിരിക്കുമെന്നും, 70,000-75,000 വരെ ആളുകൾക്ക് ഈ സമയത്തിനുള്ളിൽ ദർശനം സാദ്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്കും ഭഗവാന്റെ മുന്നിൽ ഒരു മിനിറ്റോളം സമയമെങ്കിലും നിൽക്കാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണം.
ക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദിവസങ്ങളിൽ 1.25 ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ദർശനത്തിനുള്ള സമയം 20 സെക്കൻരോളമായി കുറയും. ക്ഷേത്ര നിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും മികവ് പുലർത്തുന്നതിന് വേണ്ടി അഞ്ചോളം ഐഐടികളെയാണ് ഉപദേശകരായി തിരഞ്ഞെടുത്തിരിക്കുന്നത്. ആയിരം വർഷത്തോളം ക്ഷേത്രത്തിന് മറ്റു കേടുപാടുകളൊന്നും കൂടാതെ ഉറപ്പ് നൽകുന്ന രീതിയിലാണ് നിർമ്മാണം.
രണ്ട് ഘട്ടങ്ങളായാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുന്ത്. ഇതിൽ ആദ്യ ഘട്ടം ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. ക്ഷേത്രത്തിന്റെ താഴത്തെ നിലയാണ് ആദ്യഘട്ടത്തിൽ വരുന്നത്. ഇവിടെ അഞ്ച് മണ്ഡപങ്ങളുണ്ട്. ഭഗവാൻ ശ്രീരാമന്റെ ശ്രീകോവിൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇവിടെയാണ് വരുന്നത്. രാമക്ഷേത്ര നിർമാണ പുരോഗതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും നൃപേന്ദ്ര മിശ്ര പറയുന്നു.
ക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. ഇനിയും അതിന്റെ ആവശ്യമില്ല. ക്ഷേത്ര ട്രസ്റ്റ് ആണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post