ന്യൂഡൽഹി: ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എംഎസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അദ്ദേഹത്തിന്റെ വിയോഗം അതിയായ ദു:ഖമുളവാക്കുന്നതായി ഇരുവരും പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും അനുശോചന കുറിപ്പ് പങ്കുവച്ചത്.
ഹരിത വിപ്ലവത്തിന്റെ പിതാവും കാർഷിക ഗവേഷകനുമായ ഡോ. എംഎസ് സ്വാമിനാഥന്റെ വിയോഗം അതിയായ ദു:ഖമുണ്ടാക്കിയതായി ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അനന്തമായി പ്രവർത്തിച്ച ദീർഘദർശിയായ അദ്ദേഹത്തിന് ഹരിത വിപ്ലവത്തിന്റെ പിതാവെന്ന പേര് ഉചിതമാണ്. കാർഷിക ശാസ്ത്ര മേഖലയിൽ നിർണായക ഗവേഷണങ്ങൾ നടത്തിയതിന് പത്മവിഭൂഷൺ മുതൽ വേൾഡ് ഫുഡ് പ്രൈസ് വരെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. സുരക്ഷിതവും വിശപ്പില്ലാത്തതുമായ ഭാവിയിലേക്ക് ലോകത്തെ നയിക്കുന്നതിനുള്ള വഴികാട്ടിയാണ് അദ്ദേഹമെന്നും മുർമു കൂട്ടിച്ചേർത്തു.
ഡോ.എം.എസ്.സ്വാമിനാഥന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ വളരെ നിർണായകമായ ഒരു കാലഘട്ടത്തിൽ, കാർഷിക മേഖലയിൽ അദ്ദേഹം നടത്തിയ നിർണായക പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചു. അതുവഴി നമ്മുടെ രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെയോടെയായിരുന്നു സ്വാമിനാഥൻ അന്തരിച്ചത്. 98 വയസ്സായിരുന്നു. വാർദ്ധ്യക സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
Discussion about this post