ന്യൂഡൽഹി: ജനങ്ങളുടെ ജീവിതം പഠിക്കാനുളള കോൺഗ്രസ് നേതാവ് രാഹുലിന്റെ യാത്രകൾക്ക് അവസാനമില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ പോർട്ടർമാരുടെ ബുദ്ധിമുട്ടുകൾ പഠിക്കാനെത്തിയ രാഹുൽ ഇത്തവണ കിർത്തി നഗറിലെ പ്രശസ്തമായ ഫർണിച്ചർ മാർക്കറ്റിലാണ് എത്തിയത്.
ജോലിക്കാർ ചെയ്യുന്ന ഓരോ ജോലികളും ചോദിച്ച് മനസിലാക്കി ചെയ്യാനും രാഹുൽ ശ്രമിച്ചു. ചിന്തേരിടുന്നതിന്റെയും കൈവാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിന്റെയും ചിത്രങ്ങൾ കോൺഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഇവിടെ ഫർണീച്ചർ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ആശാരി സഹോദരൻമാരുമായി സംവദിച്ചു. അവരുടെ ബുദ്ധിമുട്ടുകൾ മനസിലായി. കഠിനാധ്വാനികളും അതിശയിപ്പിക്കുന്ന കലാകാരൻമാരുമാണവർ. കരുത്തും സൗന്ദര്യവും പകരുന്നതിലും വിദഗ്ധർ. ഞങ്ങൾ ഒരുപാട് സംസാരിച്ചു. അവരുടെ കഴിവുകളെക്കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലായി. രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം റെയിൽവേ ചുമട്ടുതൊഴിലാളികളുടെ വിഷമം മനസിലാക്കാൻ എത്തിയ രാഹുൽ അവർക്കൊപ്പം പെട്ടി ചുമന്നത് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളിന് വഴിയൊരുക്കിയിരുന്നു. നേരത്തെ ട്രക്ക് ഡ്രൈവർമാരുടെ വേദന മനസിലാക്കാൻ ഡൽഹിയിൽ നിന്ന് രാഹുൽ ചണ്ഡിഗഢിലേക്ക് ലോറിയിൽ സഞ്ചരിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
രാഹുലിന്റെ ഭാരത് ജോഡോ യാത്രകൾ തുടരുമെന്നും അതിന്റെ ഭാഗമാണിതെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ പോയി കണ്ട് വേദന മനസിലാക്കുന്നതല്ലാതെ ഇവരുടെ പ്രശ്‌നങ്ങളിൽ ഒരു പരിഹാരവും കോൺഗ്രസോ രാഹുലോ മുന്നോട്ടുവെയ്ക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.
Discussion about this post