അഹമ്മദാബാദ്: ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ തലവൻ ഗുർപവന്ത് സിംഗ് പന്നുനിനെതിരെ കേസ് എടുത്ത് പോലീസ്. ഇന്ത്യ- പാകിസ്താൻ വേൾഡ് കപ്പ് മത്സരത്തിനിടെ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിലാണ് കേസ് എടുത്തത്. ഗുജറാത്ത് പോലീസിന്റേതാണ് നടപടി.
അടുത്ത മാസം 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- പാക് മത്സരം. ഇതിനിടെ ശക്തമായ ഭീകരാക്രമണം നടത്തുമെന്നായിരുന്നു ഗുർപവന്ത് സിംഗ് പന്നുൻ ഭീഷണി മുഴക്കിയത്. പന്നുൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121 (എ), 153 (എ) (ബി), 505 എന്നീ വകുപ്പുകൾ പ്രകാരവും, ഐടി, യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പന്നുനിന്റെ സന്ദേശം പുറത്തുവന്നത്. ഹർദീപ് സിംഗ് നിജ്ജാറിനെ നേരെ നിങ്ങൾ പായിച്ച വെടിയുണ്ടകൾക്ക് ബദലായി തങ്ങൾ ബാലറ്റ് ഉപയോഗിക്കും. നിങ്ങളുടെ അക്രമത്തിനെതിരെ വോട്ടുകൾ ഉപയോഗിക്കും. ഈ ഒക്ടോബറിൽ നടക്കുന്നത് വെറും വേൾഡ് കപ്പ് അല്ല. വേൾഡ് ടെറർ കപ്പിന്റെ തുടക്കമാണെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഹർദീപ് സിംഗിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നാണ് കാനഡയുടെ ആരോപണം. ഇതിനിടെയാണ് ഭീകരാക്രമണ ഭീഷണി മുഴക്കി പന്നുൻ രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post