ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. നാല് പേർ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻക്വയിലെ മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹാംഗു ജില്ലയിലെ മസ്ജിദിലാണ് സ്‌ഫോടനം ഉണ്ടായത്. ചാവോർ ആക്രമണമാണ് ഉണ്ടായത് എന്നാണ് സൂചന. ഉച്ച പ്രാർത്ഥനയ്ക്കായി നിരവധി പേരാണ് മസ്ജിദിൽ സംഘടിച്ചിരുന്നത്. പ്രാർത്ഥന പുരോഗമിക്കുന്നതിനിടെ സ്ഫോടനം ഉണ്ടാകുകയായിരുന്നു. പത്തിലധികം പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
രാവിലെ ബലൂചിസ്ഥാനിൽ നബി ദിന ആഘോഷങ്ങൾക്കിടെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിൽ 50 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് മറ്റൊരു ഭീകരാക്രമണം ഉണ്ടായത്.












