ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെതിരെ നിയമ കമ്മീഷൻ. പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ൽ നിന്നും 16 ആക്കാനായിരുന്നു ആലോചന.
പ്രായപരിധി കുറയ്ക്കുന്നത് ശൈശവ വിവാഹം തടയുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് നിയമ കമ്മീഷന്റെ വിലയിരുത്തൽ. ഇതേ തുടർന്നാണ് പ്രായപരിധി കുറയ്‌ക്കേണ്ടത് ഇല്ലെന്ന് സർക്കാരിന് ശുപാർശ നൽകിയത്. ഇതിന് പുറമേ കുട്ടികളെ കടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെയും ബാധിക്കാം. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.
മുൻ കർണാട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാത് അവാസ്തി നേതൃത്വം നൽകുന്ന പാനലാണ് ശുപാർശ കൈമാറിയത്. നിലവിലുള്ള ശിശു സംരക്ഷണ നിയമങ്ങൾ, വിവിധ വിധികൾ എന്നിവയെക്കുറിച്ച് പാനൽ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് പാനൽ ശുപാർശ തയ്യാറാക്കിയത്. 16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്നും മൗനാനുവാദം ലഭിക്കുന്ന കേസുകളിൽ പോക്‌സോ നിയമത്തിൽ ഭേദഗതി വേണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കേസുകളുടെ സ്വഭാവം അനുസരിച്ച് കോടതിയ്ക്ക് ഇക്കാര്യത്തിൽ വിവേചനാധികാരം ഉപയോഗിക്കാം. അതേസമയം ഹീനമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈൽ ആക്ടിലും മുതിർന്നവരായി കണക്കാക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.
Discussion about this post