തിരുവനന്തപുരം : കാട്ടാക്കടയിൽ 13 വയസ്സുകാരൻ കത്തെഴുതിവെച്ച് നാടുവിട്ടതിന്റെ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. ഫ്ലോറിഡയിൽ പോകാനായാണ് താൻ നാടുവിട്ടത് എന്നാണ് 13കാരനായ വിദ്യാർത്ഥി വെളിപ്പെടുത്തിയത്. വീട്ടിൽ ഈ ആവശ്യം പറഞ്ഞിരുന്നെങ്കിലും അച്ഛനും അമ്മയും പരിഗണിച്ചില്ല. അതോടെ വീട്ടിലുണ്ടായിരുന്ന 300 രൂപയും എടുത്ത് ഫ്ലോറിഡയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു കുട്ടി.
ഇന്ന് രാവിലെ ആയിരുന്നു കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നത്. വീട്ടിൽ ഒരു കത്ത് എഴുതി വെച്ച ശേഷമാണ് 13 വയസ്സ് മാത്രമുള്ള കുട്ടി നാടുവിട്ടത്. ” അമ്മേ അച്ഛാ ഞാൻ പോവുകയാണ്, എന്റെ കളറിംഗ് സെറ്റ് 8 A യിലെ ആദർശിന് കൊടുക്കണം ” എന്നായിരുന്നു കുട്ടി കത്തിൽ എഴുതിയിരുന്നത്. ഇതോടെ വീട്ടുകാർ സംഭവം പോലീസിൽ അറിയിക്കുകയും പോലീസ് മാദ്ധ്യമങ്ങളിൽ വാർത്ത നൽകി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
വാർത്ത കണ്ട കാട്ടാക്കട കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ആണ് ബസ്സിൽ യാത്ര ചെയ്തിരുന്ന കുട്ടിയെ തിരിച്ചറിഞ്ഞ് പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്. തുടർന്ന് ബസ് സ്റ്റേഷന് മുന്നിലെത്തിച്ച് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിക്ക് കൗൺസിലിംഗ് നൽകുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് ഫ്ലോറിഡയിലേക്ക് പോകാനാണ് നാടുവിട്ടത് എന്ന് കുട്ടി വെളിപ്പെടുത്തിയത്.
സമൂഹമാദ്ധ്യമങ്ങളിൽ നിന്നും സഹോദരിയുടെ വാക്കുകളിൽ നിന്നുമെല്ലാമാണ് ഫ്ലോറിഡ എന്ന സ്വപ്നം കുട്ടിയുടെ മനസ്സിലേക്കെത്തിയത്. കഴിഞ്ഞ ദിവസവും ഫ്ലോറിഡയിൽ പോകണമെന്ന ആവശ്യം കുട്ടി വീട്ടിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഇത് തമാശയായി എടുക്കുകയായിരുന്നു. ഇതോടെയാണ് തനിയെ ഫ്ലോറിഡയിലേക്ക് പോകാനായി കുട്ടി തീരുമാനം എടുക്കുന്നത്. കുട്ടിക്ക് കൂടുതൽ കൗൺസിലിംഗുകൾ നൽകാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ പോലീസ്.
Discussion about this post