തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് മേൽ പിടി മുറുക്കുകയാണ് കേന്ദ്ര ജിഎസ്ടി ഇന്റലിജൻസ്. കോടികളുടെ വരുമാനം ഉണ്ടായിട്ടും ഇതുവരെ ഒരു രൂപ പോലും നികുതി അടച്ചിട്ടില്ല എന്നുള്ളതാണ് കാരണം. ചലച്ചിത്രമേള നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ജിഎസ്ടി ഇന്റലിജൻസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ചലച്ചിത്രമേളയുടെ കണക്കുകൾ ഹാജരാക്കാൻ ചലച്ചിത്ര അക്കാദമിക്ക് ജിഎസ്ടി ഇന്റലിജൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ടിക്കറ്റ് വെച്ചാണ് ചലച്ചിത്ര അക്കാദമി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. സർക്കാർ ഗ്രാൻഡ് നൽകുന്നുണ്ടെങ്കിലും മികച്ച ടിക്കറ്റ് വരുമാനം അക്കാദമിക്ക് ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നുണ്ട്. എന്നാൽ ഈ വരുമാനത്തിൽ ഒരിക്കൽ പോലും ചലച്ചിത്ര അക്കാദമി നികുതി അടച്ചിട്ടില്ല. ഇതോടെയാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ചലച്ചിത്ര മേളക്കുള്ള സർക്കാർ ഗ്രാൻഡ്, ടിക്കറ്റ് വരുമാനം എന്നിവ അടങ്ങിയ വരവ് ചിലവ് കണക്കുകൾ ബോധിപ്പിക്കണമെന്ന് ജിഎസ്ടി ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുള്ളത്.
നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ചലച്ചിത്ര അക്കാദമിക്ക് ജിഎസ്ടി വകുപ്പ് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ അറിയിപ്പിനെ മറുപടി നൽകാനോ കണക്കുകൾ ഹാജരാക്കാനോ ചലച്ചിത്ര അക്കാദമി തയ്യാറായിരുന്നില്ല. ടിക്കറ്റ് വില്പനയുടെ 18% നികുതിയാണ് ചലച്ചിത്ര അക്കാദമി അടക്കേണ്ടതായിട്ടുള്ളത്. ഈ നിരക്ക് അനുസരിച്ച് കോടികളാണ് നികുതി ഇനത്തിൽ അക്കാദമി കുടിശ്ശിക വരുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷമായി 60 കോടിയോളം രൂപ സർക്കാർ ഗ്രാൻഡ് ആയി അക്കാദമിക്ക് ലഭിച്ചിട്ടുമുണ്ട്. കണക്കുകൾ ഹാജരാക്കി നികുതി അടച്ചാൽ നിയമനടപടികളിൽ നിന്നും ഒഴിവാകും എന്നാണ് ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പ് അറിയിക്കുന്നത്.
Discussion about this post