ഹാങ്‌ഷോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ ഇന്ത്യയുടെ ദിവ്യയും സരബ്‌ജോത് സിംഗും ചേർന്ന് വെളളി മെഡൽ നേടി. ഇന്ത്യയുടെ 34 ാമത്തെ മെഡലാണിത്. എട്ട് സ്വർണവും 13 വെളളിയും 13 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.
ചൈനയുടെ ഷാങ്- ജിയാങ് ജോഡിയാണ് ഇന്ത്യൻ താരങ്ങൾക്ക് ഫൈനലിൽ കടുത്ത വെല്ലുവിളി ഉയർത്തിയത്. ആദ്യ റൗണ്ടുകളിൽ ഇന്ത്യൻ താരങ്ങൾ ഏറെ മുൻപിലായിരുന്നു. എന്നാൽ ചൈനീസ് സഖ്യം ശക്തമായ തിരിച്ചുവരവിൽ പോയിന്റുകൾ നേടുകയായിരുന്നു.
ഒൻപത് റൗണ്ടുകൾ പിന്നിടുമ്പോൾ ഇന്ത്യൻ ജോഡി നാല് പോയിന്റുകൾക്ക് മുൻപിലായിരുന്നു. ഇന്ത്യയ്ക്ക് 11 ഉം ചൈനയ്ക്ക് ഏഴും എന്ന നിലയിലായിരുന്നു സ്‌കോർ. എന്നാൽ അവസാന ഘട്ടത്തിൽ 14-16 എന്ന പോയിന്റിനാണ് ചൈന സ്വർണം ഉറപ്പിച്ചത്.
പുരുഷ വിഭാഗം ഹോക്കിയിലും പുരുഷ വിഭാഗം സ്‌ക്വാഷിലും ഇന്ന് പാകിസ്താനെതിരെ ഇന്ത്യ രംഗത്തിറങ്ങും. ഇന്ത്യയുടെ ഒളിമ്പിക് വെളളി മെഡൽ ജേതാവ് മീരാഭായ് ചാനുവും ഇന്ന് 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇറങ്ങുന്നുണ്ട്. മെഡൽപട്ടികയിൽ ചൈനയാണ് മുൻപിൽ.
Discussion about this post