ഭോപ്പാൽ : ഇന്ത്യൻ വ്യോമസേനയുടെ 91-ാം വാർഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന വ്യോമ പ്രദർശനം അതിശയകരമായ അനുഭവമായിരുന്നു കാണികൾക്ക് പ്രദാനം ചെയ്തത്. ഭോപ്പാലിലെ ഭോജ്താൽ തടാകത്തിന് മുകളിലായിരുന്നു ഗംഭീരമായ എയർ ഷോ സംഘടിപ്പിച്ചത്. വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകളുടെ ആവേശകരമായ എയറോബാറ്റിക് പ്രദർശനങ്ങൾ കാണാൻ നിരവധി പേരായിരുന്നു വന്നെത്തിയിരുന്നത്.
ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതുന്നതായിരുന്നു ഭോപ്പലിലെ വ്യോമ പ്രദർശനം. എസ്‌യു-30, മിറാഷ്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ, ജാഗ്വാർ യുദ്ധവിമാനങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ പങ്കെടുത്തു. യുദ്ധവിമാനങ്ങൾക്ക് പുറമെ C130, C132 തുടങ്ങിയ ഗതാഗത വിമാനങ്ങളും പരിപാടിയിൽ പങ്കെടുത്തു. ചേതക്, ധ്രുവ് തുടങ്ങിയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ അതിശയകരമായ എയറോബാറ്റിക് കാഴ്ചയാണ് ആകാശത്ത് കാഴ്ചവച്ചത്.
ഭോപ്പാൽ നഗരത്തിന്റെ നടുവിലുള്ള ഭോജ്താൽ തടാകം എയർ ഷോ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതാണെന്ന് എയർ മാർഷൽ വിഭാസ് പാണ്ഡെ വ്യക്തമാക്കി. ഈ കാരണത്താലാണ് ഭോപ്പാൽ നഗരത്തെ വ്യോമപ്രദർശനത്തിനായി തിരഞ്ഞെടുത്തത്. തടാകത്തിന് ചുറ്റുമായി നിന്നുകൊണ്ട് കാണികൾക്ക് മികച്ച രീതിയിൽ പ്രദർശനം കാണാൻ കഴിയുമെന്നതിനാൽ ഭോപ്പാലിൽ പ്രദർശനം നടത്താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Discussion about this post