ലണ്ടൻ : ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞ സംഭവത്തിൽ ഖാലിസ്ഥാൻ ഭീകരരുടെ വിവരങ്ങൾ പുറത്ത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷംഷേർ സിംഗ്, രൺവീർ സിംഗ് എന്നിവരാണ് ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നേരെ ആക്രമണം നടത്തിയത്. മൂന്നാമത്തെ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഗ്ലാസ്‌ഗോ ഗുരുദ്വാര കമ്മിറ്റി അറിയിച്ചു.
സിഖ് തീവ്രവാദ സംഘടനയായ ബാബർ ഖാൽസ ഇന്റർനാഷണൽ നേതാവ് ജഗ്തർ സിംഗ് ഹവാരയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയിലെ അംഗമാണ് രൺവീർ സിംഗ്. ഫ്രീ ഹവാര എന്നെഴുതിയിരിക്കുന്ന ടീ ഷർട്ട് ധരിച്ച റൺവീർ സിംഗിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. റൈഫിൾ ഉപയോഗിച്ച് ഷൂട്ടിംഗ് പരിശീലിക്കുന്ന ഇയാളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
12 ാമത് പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ കൊടുംഭീകരൻ ജഗ്താർ സിംഗ് ഹവാരയ്ക്കും പങ്കുണ്ടായിരുന്നു. തുടർന്ന് ദിൽവാർ സിംഗ് ബാബർ എന്നയാൾ മനുഷ്യബോംബ് ആയി മാറി. പഞ്ചാബ് ഹരിയാന സിവിൽ സെക്രട്ടേറിയറ്റിന്റെ മുന്നിൽ വെച്ച് ബുള്ളറ്റ് പ്രൂഫ് കാർ പൊട്ടിത്തെറിച്ചാണ് ബിയാന്ത് സിംഗ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ 17 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോവിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ദൊരൈസ്വാമി ഇവിടെ ഗുരുദ്വാരയിലെ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ എത്തിയപ്പോഴായിരുന്നു സംഭവം.
ദൊരൈസ്വാമി എത്തുന്നതറിഞ്ഞ് ഗുരുദ്വാര കമ്മിറ്റി അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് അറിഞ്ഞ് എത്തിയ ഖാലിസ്ഥാൻ ഭീകരർ അദ്ദേഹത്തെ തടഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥനെ തടഞ്ഞ ശേഷം ഖാലിസ്ഥാൻ ഭീകരർ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഗ്ലാസ്ഗോ ഗുരു ഗ്രന്ഥ് സാഹിബ് ഗുരുദ്വാര, വിക്രം ദൊരൈസ്വാമിയോട് വ്യക്തിപരമായി ക്ഷമാപണം നടത്തി.
Discussion about this post