ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഭോപ്പാലിലായിരുന്നു സംഭവം. എൽഎച്ച് എംകെ III ഹെലികോപ്റ്ററാണ് അടിയന്തിരമായി താഴെയിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത് എന്നാണ് വിവരം.
ഭോപ്പാലിൽ നിന്നും ചാക്കേരിയിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റർ. ഭോപ്പാൽ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. എന്നാൽ പറന്നുയർന്ന് അൽപ്പ നേരത്തിന് ശേഷം സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിന് 50 കിലോമീറ്റർ അകലെ ആയിരുന്നു വിമാനം താഴെയിറക്കിയത്.
ആറ് സൈനികരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. വിവരം ലഭിച്ചയുടൻ അധികൃതർ എത്തി സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. സംഭവത്തിൽ സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.











