കൊച്ചി : എറണാകുളത്ത് രണ്ട് യുവ ഡോക്ടർമാരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ഗൂഗിൾ മാപ്പിന്റെ നിർദ്ദേശത്തിലുണ്ടായ പിശകെന്ന് പ്രാഥമിക നിഗമനം. കൊച്ചിയിൽ നിന്ന് മടങ്ങി വരുന്നതിനിടെ വലത്തോട്ടാണ് പോകേണ്ടിയിരുന്ന്. എന്നാൽ ഗൂഗിൾ മാപ്പ് ഇടത്തേക്ക് വഴികാണിച്ചു. അങ്ങോട്ട് തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത് എന്ന് രക്ഷപ്പെട്ടവർ പറയുന്നു.
എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്മൽ (28), കൊല്ലം പാലത്തറ തുണ്ടിൽ അദ്വൈത് (28) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇരുവരും സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു.
അദ്വൈതിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് വരുമ്പോഴായിരുന്നു അപകടം. മൂന്നു ഡോക്ടർമാരും ഒരു മെയിൽ നഴ്‌സും ഒരു മെഡിക്കൽ വിദ്യാർത്ഥിനിയുമാണ് അപകടസമയത്ത് കാറിൽ ഉണ്ടായിരുന്നത്. ഡോ.ഖാസിക്, മെയിൽ നഴ്‌സായ ജിസ്‌മോൻ, മെഡിക്കൽ വിദ്യാർത്ഥിനിയായ തമന്ന എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
കൊച്ചിയിൽ നിന്നു നോർത്ത് പറവൂർ വഴി പൂത്തകുന്നം എത്തിയാണ് കൊടുങ്ങല്ലൂരിലേക്ക് പോകുന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് അര കിലോമീറ്റർ മുൻപ് ഒരു ജംഗ്ഷനുണ്ട്. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് കൊടുങ്ങല്ലൂരിലേക്കു പോകേണ്ടത്. എന്നാൽ ഗൂഗിൾ മാപ്പ് ഇടത്തേക്ക് റൂട്ട് കാണിച്ചു. ഇതോടെ വഴിതെറ്റി. മഴപെയ്തതിനെ തുടർന്നുണ്ടായ വെള്ളക്കെട്ടാണെന്ന് കരുതിയാണ് പുഴയിലേക്ക് കാർ എടുത്തതെന്നും അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു.
Discussion about this post