അമൃത്സർ : ക്ഷേത്രത്തിൽ സ്‌ഫോടനം നടത്തുമെന്നും പൂജാരിയെ കൊല്ലുമെന്നും ഭീഷണി മുഴക്കുന്ന പാകിസ്താൻ നോട്ട് അമൃത്സറിലെ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്നും കണ്ടെത്തി. ഘനുപൂർ കാലെയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ബാലാജി ധാം ചാരിറ്റബിൾ ട്രസ്റ്റ് ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്നുമാണ് ഭീഷണി നോട്ട് കണ്ടെത്തിയത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി അഷ്നീൽ ജി മഹാരാജിനെതിരായാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്.
100 രൂപയുടെ പാക് കറൻസി നോട്ടിൽ പഞ്ചാബി ഭാഷയിലാണ് ഭീഷണി സന്ദേശം എഴുതിയിരിക്കുന്നത്. ഭണ്ഡാരത്തിൽ നിന്നുമുള്ള സംഭാവനകൾ ശേഖരിക്കുന്നതിനിടെ ക്ഷേത്ര ഭരണസമിതി അംഗങ്ങളാണ് പാകിസ്താൻ കറൻസി നോട്ട് കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വധഭീഷണിയെ തുടർന്ന് ബാലാജി ധാമ ക്ഷേത്രത്തിലെ പൂജാരി അഷ്‌നീൽ മഹാരാജ് ചെഹാർട്ട പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. നവരാത്രിക്ക് മുന്നോടിയായി വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നതെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ക്ഷേത്ര ഭരണസമിതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post