ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് എഐഡിഎംകെയുടെ തീരുമാനം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തമല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. എഐഎഡിഎംകെ ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് പുറത്തുപോകുന്നത് അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയല്ല. രാഷ്ട്രീയത്തിൽ ചില സംഭവങ്ങൾ അനുഗ്രഹമായാണ് വരിക. 2024-നെ കുറിച്ച് തനിക്ക് അങ്ങേയറ്റം ആത്മവിശ്വാസമുണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി.
ഡൽഹി സന്ദർശനത്തിന് മുന്നോടിയായി മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അണ്ണാമലൈയുടെ വെളിപ്പെടുത്തൽ. ‘എൻ മണ്ണ്, എൻ മക്കൾ’ പദയാത്രയ്ക്കിടയിൽ ജനങ്ങളുമായി ദീർഘമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞതിന് നന്ദി അറിയിക്കുകയും ചെയ്തു. പദയാത്രയ്ക്ക് തമിഴ്നാട്ടിൽ എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പൊതുജനങ്ങളുടെ മനസ്സിൽ എന്താണെന്ന് തനിക്ക് അറിയാമെന്നും അണ്ണാമലൈ വ്യക്തമാക്കി.
“ഞാൻ ഗ്രൗണ്ട് ലെവലിലാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്. 2024-ൽ എനിക്ക് അങ്ങേയറ്റം ആത്മവിശ്വാസമുണ്ട്. ‘എൻ മണ്ണ്, എൻ മക്കൾ’ പദയാത്രയ്ക്കിടയിൽ ദിവസവും ഒമ്പത് മണിക്കൂർ വെയിലിലും പൊടിയിലും നടന്നുകൊണ്ട് നിരവധി ജനങ്ങളെ കാണാൻ കഴിഞ്ഞു. ഇപ്പോൾ എനിക്ക് തമിഴ്നാട്ടിലെ ജനങ്ങളുടെ പൾസ് അറിയാം. 60 ദിവസമായി അവരോടൊപ്പം ഉണ്ടായിരുന്നു, അവരെ കാണുകയും മനസ്സിലാക്കുകയും ചെയ്തു എന്നും അണ്ണാമലൈ വ്യക്തമാക്കി.
Discussion about this post