ന്യൂഡൽഹി: ജെഎൻയു സർവ്വകലാശാലയിൽ രാജ്യവിരുദ്ധ ശക്തികൾ ഇന്ത്യവിരുദ്ധ മുദ്രാവാക്യം എഴുതിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി. സർവ്വകലാശാല അധികൃതർക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസമാണ് സർവ്വകലാശാലയുടെ ചുവരുകളിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
തുടർച്ചയായി രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെടുന്നതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ ശക്തമായ അന്വേഷണം വേണം. ആരാണ് ഇത്തരം വാചകങ്ങൾ എഴുതിയത് എന്ന് കണ്ടെത്തണം. അവരോട് നഷ്ടം നികത്താൻ ആവശ്യപ്പെടണം. എങ്ങനെയെങ്കിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾക്ക് അവസാനം ഉണ്ടാകൂവെന്നും എബിവിപി വ്യക്തമാക്കി. രാത്രി കാലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
ഇന്ത്യൻ അധീന കശ്മീർ, കശ്മീരിനെ സ്വതന്ത്രമാക്കുക, ഭഗ്വാ ജലേംഗാ തുടങ്ങിയ വാചകങ്ങളാണ് ചുവരുകളിൽ എഴുതിയിരുന്നത്. ഇത് വിദ്യാർത്ഥികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രാത്രി തന്നെ വാചകങ്ങൾ നീക്കം ചെയ്ത് ചുവരുകൾ പെയിന്റടിച്ചു.
Discussion about this post