ഡല്‍ഹി: പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഹിക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം ലഭിച്ച ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു സോണിയയും രാഹുലും.
കേസ് കാട്ടി കോണ്‍ഗ്രസിനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് ഇരുവരും ഐ.എസി.സി ആസ്ഥാനത്ത് വെച്ച് പ്രതികരിച്ചത്. ആരെയും ഭയക്കുന്നില്ല. ആര്‍ക്കു മുന്നിലും കീഴടങ്ങില്ല. എല്ലാവരും നീതിക്ക് മുന്നില്‍ സമമെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണ്. കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും സത്യം വൈകാതെ പുറത്തു വരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യം നടക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കള്ളം പറഞ്ഞ് കോണ്‍ഗ്രസിനെ തളര്‍ത്താനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമത്തെയും കോടതിയെയും ബഹുമാനിക്കുന്നെന്നും ഇരുവരും പറഞ്ഞു.
Discussion about this post