ന്യൂഡൽഹി; കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരൻ ഉന്നത രാഷ്ട്രീയ നേതാക്കാളെ ബോംബാക്രമണത്തിലൂടെ വധിക്കാനാണ് ലക്ഷ്യമിട്ടത്. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഷാനവാസ് ലക്ഷ്യമിട്ടെന്നാണ് കണ്ടെത്തൽ. ഇവരുടെ യാത്രാ വഴികളിൽ ഐഇഡി സ്‌ഫോടനമായിരുന്നു ലക്ഷ്യം. ദില്ലി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർത്ഥം സ്‌ഫോടനങ്ങൾ നടത്തി.
പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ രാജ്യതലസ്ഥാനത്ത് സ്‌ഫോടനപരമ്പരകൾക്കും ഇയാൾ പദ്ധതിയിട്ടു. രാജ്യത്തിന്റെ സമാധാനം നശിപ്പിച്ച ശേഷം അഫ്ഗാനിസ്ഥാനിലേക്ക് പോകാനായിരുന്നു പദ്ധതി.
ഷാനവാസ് അടക്കമുള്ള മൊഡ്യൂളിന്റെ നിർദ്ദേശകൻ ഭീകരനായ ഫർത്തുല്ല ഘോറിയാണെന്നാണ് വിവരം. 2002ൽ അക്ഷരധാം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം, 2005-ൽ ഹൈദരാബാദിലെ ടാസ്‌ക് ഫോഴ്സ് ഓഫീസിന് നേരെയുണ്ടായ ചാവേർ ആക്രമണം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ, മൊഡ്യൂളുകൾക്ക് ഓൺലൈനിലൂടെയാണ് നിർദ്ദേശങ്ങൾ നൽകി വന്നത്. അബു സൂഫിയാൻ, സർദാർ സാഹബ്, ഫാരു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഫർഹത്തുള്ള ഘോരിയെ കേന്ദ്രസർക്കാർ കൊടുംഭീകരനായി പ്രഖ്യാപിച്ചതാണ്.
Discussion about this post