‘പ്രണയകാല’ത്തിലെ ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന പ്രണയാതുരമായ പാട്ടിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളാണ് അജ്മല്‍ അമീറും വിമലാ രാമനും.
എന്നാൽ നീണ്ട പതിനാറ് വർഷങ്ങള്‍ക്കു ശേഷം ആ ‘പ്രണയജോഡികൾ’ വീണ്ടും ഒന്നിച്ചിരിക്കുന്നു. അവിചാരിതമായിരുന്ന ആ കൂടിച്ചേരലിനെ കുറിച്ച് അജ്മല്‍ പങ്കുവച്ച കുറിപ്പും ഇപ്പോൾ വൈറലാണ്. ‘‘ഒന്നര പതിറ്റാണ്ടിലേറെയായി എനിക്ക് കാണാന്‍ പോലും അവസരം ലഭിക്കാതിരുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടി, തികച്ചും അവിചാരിത കൂടിക്കാഴ്ചയായിരുന്നു അത്. അവളുടെ സ്ഥായിയായ ശോഭയും സൗന്ദര്യവും എന്നത്തേയും പോലെ ഇന്നും ആകര്‍ഷകമായി തന്നെയുണ്ട്. ഞങ്ങളുടെയും ഒരു വേനല്‍ പുഴയില്‍’ എന്ന പാട്ടിന്റെയും ഓരോ ആരാധകര്‍കര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ‘സന്തോഷ സൂചകമായി ഞാൻ ഈ ഫോട്ടോ പങ്കുവെക്കുന്നു’ വിമലാ രാമനൊപ്പമുള്ള ഒരു സെല്‍ഫിക്കൊപ്പം അജ്മല്‍ കുറിച്ചു. ‘‘ഒരുപാട് നാളുകള്‍ക്ക് ശേഷം താങ്കളെ കണ്ടതില്‍ എനിക്കും ഒരുപാട് സന്തോഷമുണ്ടെ’’ന്നായിരുന്നു വിമലയുടെ മറുപടി.
ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ‘പ്രണയകാലം’ നായകനായുള്ള അജ്മൽ അമീറിന്റെ അരങ്ങേറ്റം കൂടിയായിരുന്നു. 2007ൽ എ വി അനൂപിന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഔസേപ്പച്ചനാണ് സംഗീതം നൽകിയത്.












