തിരുവനന്തപുരം : സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ പോലീസ് നടത്തിയ റെയ്ഡ് ദുരുദ്ദേശപരമാണെന്ന് ഇ പി ജയരാജൻ. ടെലിവിഷനിൽ ഈ വാർത്ത കണ്ടപ്പോൾ തന്നെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഉള്ള പ്രധാനപ്പെട്ട സഖാവിനെ തന്നെ വിളിച്ച് കാര്യം അന്വേഷിച്ചു എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
ഡൽഹിയിലെ സർക്കാർ വസതിയിൽ സീതാറാം യെച്ചൂരിയോടൊപ്പം താമസിക്കുന്ന എകെജി സെന്ററിലെ പ്രവർത്തകനായ ശ്രീനാരായണന്റെ മകനുമായി ബന്ധപ്പെട്ടാണ് പോലീസ് റെയ്ഡ് നടത്തിയത് എന്നാണ് ഇ പി ജയരാജൻ വെളിപ്പെടുത്തിയത്. ശ്രീനാരായണന്റെ സുമിത്ത് ന്യൂസ് ക്ലിക്ക് എന്ന പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകനാണ്. അദ്ദേഹത്തിന്റെ കാര്യങ്ങൾ പരിശോധിക്കുവാനാണ് ഡൽഹി പോലീസ് സീതാറാം യെച്ചൂരിയുടെ വീട്ടിൽ പരിശോധന നടത്തിയതെന്നും ഇ പി ജയരാജൻ അറിയിച്ചു.
സിപിഐഎം പോലെയൊരു സംഘടനയുടെ ജനറൽ സെക്രട്ടറി താമസിക്കുന്ന വീട്ടിൽ റെയ്ഡ് നടത്തുന്ന കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും ഇ പി ജയരാജൻ സൂചിപ്പിച്ചു. ഇന്ത്യയിൽ മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെ കടന്നു കയറ്റമാണ്. യെച്ചൂരിയുടെ വീട്ടിൽ നടത്തിയ റെയ്ഡ് കേന്ദ്രസർക്കാറിന്റെ ജനാധിപത്യവിരുദ്ധവും ദുരുദ്ദേശപരവുമായ നടപടിയാണ്. ഈ നിലപാടിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ട് പോകേണ്ടതാണെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.
Discussion about this post