മുംബൈ : മഹാരാഷ്ട്രയിലെ സരസി ഗ്രാമത്തിൽ ഒരു എരുമ വിഴുങ്ങിയത് ഒന്നര ലക്ഷം രൂപയുടെ സ്വർണമാണ്. വീട്ടുടമസ്ഥയുടെ മൂന്ന് പവനിലേറെ തൂക്കം വരുന്ന താലിമാലയാണ് എരുമ വിഴുങ്ങിയത്. എന്നാൽ ഇതിന് കാരണമായത് ഈ വീട്ടമ്മയുടെ തന്നെ അശ്രദ്ധയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആവുകയാണ് ഈ എരുമ.
സരസി ഗ്രാമത്തിലെ ഗീത എന്ന കർഷകസ്ത്രീയുടെ മാലയാണ് എരുമ വിഴുങ്ങിയത്. മാല കാണാതായതോടെ ആദ്യം കള്ളന്മാർ വീട്ടിൽ കയറി മോഷ്ടിച്ചിരിക്കാം എന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ഓർത്തപ്പോൾ ആണ് തനിക്ക് പറ്റിയ വലിയൊരു അബദ്ധം ഈ വീട്ടമ്മ തിരിച്ചറിഞ്ഞത്. വൈകിട്ട് ജോലി കഴിഞ്ഞ് ഈ വീട്ടമ്മ കുളിക്കാനായി പോയപ്പോൾ താലിമാല ഊരി വെച്ചത് എരുമക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിൽ ആയിരുന്നു. ഈ കാര്യം പിന്നീട് മറക്കുകയും അതേ പാത്രത്തിൽ എരുമയ്ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു. കഥയൊന്നും അറിയാതിരുന്ന പാവം എരുമ ഭക്ഷണത്തോടൊപ്പം സ്വർണവും വിഴുങ്ങി.
സ്വർണ്ണം എരുമയുടെ വയറ്റിലായെന്ന് മനസ്സിലായ ഉടനെ തന്നെ വീട്ടമ്മ മൃഗ ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടർ എത്തി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്വർണ്ണം എരമയുടെ വയറ്റിൽ ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് സോണോഗ്രാഫി പരിശോധന നടത്തി മാല കിടക്കുന്ന കൃത്യമായ സ്ഥാനം കണ്ടെത്തി ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു. വീട്ടമ്മയുടെ അശ്രദ്ധയും മറവിയും കാരണം അറുപത്തഞ്ചോളം സ്റ്റിച്ചുകളാണ് ഇപ്പോൾ എരുമയുടെ ശരീരത്തിൽ ഉള്ളത്.
Discussion about this post