തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ഒരേ ജയിലിൽ പാർപ്പിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റിമാൻഡിലായ സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ, സി.കെ ജിൽസ് എന്നിവരെയാണ് കേസിലെ മറ്റ് രണ്ട് പ്രതികൾക്കൊപ്പം പാർപ്പിച്ചത്. ഇക്കാര്യം ഇഡി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കോടതി ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി.
കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ പി. സതീഷ് കുമാർ, പി.പി കിരൺ എന്നിവർ ജില്ലാ ജയിലിലാണ് ഉള്ളത്. ഇവിടേയ്ക്കാണ് കഴിഞ്ഞ ദിവസം അരവിന്ദാക്ഷനെയും ജിൽസിനെയും മാറ്റിയത്. പ്രതികളെ ഒരേ ജയിലിലേക്ക് മാറ്റരുത് എന്ന് ഇഡി നേരത്തെ തന്നെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് അരവിന്ദാക്ഷനെയും ജിൽസിനെയും സബ് ജയിലിൽ പാർപ്പിക്കാൻ ആയിരുന്നു ഉത്തരവ്. എന്നാൽ ഇവിടെ നിന്നും ഇരുവരെയും മറ്റ് പ്രതികളുള്ള ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. പരിധിയിൽ കൂടുതൽ തടവുപുള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയിൽ സൂപ്രണ്ടിന്റെ നടപടി. ജയിൽ മാറ്റത്തിന് ശേഷമായിരുന്നു കോടതിയെ ഉൾപ്പെടെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
കേസിൽ ചൊവ്വാഴ്ച ഇഡി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപ്പോഴായിരുന്നു പ്രതികളെ ഒരേ ജയിലിൽ പാർപ്പിച്ച കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രതികളെ ജില്ലയിലെ മറ്റ് ജയിലുകളിലേക്ക് മാറ്റണം എന്ന് ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയത്.
Discussion about this post