തിരുവനന്തപുരം : കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച ആർക്കും പണം നഷ്ടപ്പെടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപ കരുവന്നൂർ ബാങ്കിന് കൊടുക്കും. പ്രതിസന്ധി മറികടക്കാൻ കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂരിന് കൊടുക്കും. ഇത് ബാങ്ക് നടത്തിയ നിക്ഷേപമാണെന്നും വി എൻ വാസവൻ വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിൽ നിന്നും 172 ആധാരങ്ങൾ ഇ ഡി എടുത്തുകൊണ്ടുപോയി എന്ന് വാസവൻ അറിയിച്ചു. ഈ 172 ആധാരങ്ങളിൽ നിന്നായി 184.5 കോടിയാണ് ബാങ്കിന് ലഭിക്കാനുള്ളത്. ആധാരം ഇ ഡി കൊണ്ടുപോയതിനാൽ ഈ തുക ആരും തിരിച്ചടയ്ക്കുന്നില്ല എന്നും വാസവൻ പരാതിപ്പെട്ടു. ഇത് തിരിച്ചു ലഭിക്കാനായി കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.
506 കോടിയിലേറെ രൂപ കരുവന്നൂർ ബാങ്കിന് പിരിഞ്ഞു കിട്ടാനുണ്ട്. ബാങ്കിന് ഇപ്പോഴും നല്ല ആസ്തിയുണ്ട്. 206 കോടി രൂപയാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നല്‍കാനുള്ളത്. 280 കോടിയിലേറെ രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ട് . എല്ലാവരുടെയും നിക്ഷേപങ്ങൾ പൂർണമായി കൊടുത്ത് തീർക്കും. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ കൊടുത്തു തീർക്കും. മറ്റ് സഹകരണ ബാങ്കുകളിൽ കരുവന്നൂർ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വി എൻ വാസവൻ വ്യക്തമാക്കി.
Discussion about this post