ന്യൂഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ നൽകാൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡൽഹി പോലീസ് അടച്ചുപൂട്ടി. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു പോലീസിന്റെ നടപടി. ലാപ്‌ടോപ്പുകൾ ഉൾപ്പെടെ സ്ഥാപനത്തിന്റെ ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു ന്യൂസ് ക്ലിക്കിന്റെ പ്രധാന ഓഫീസിലും മറ്റ് ഓഫീസുകളിലും പോലീസ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ നിർണായക രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രധാന ഓഫീസിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അടച്ച് പൂട്ടി. ലാപ്‌ടോപ്പുകൾ, ഫോണുകൾ, പെൻഡ്രൈവുകൾ എന്നിവയുൾപ്പെടെയായിരുന്നു പോലീസ് പിടിച്ചെടുത്തത്.
ചൈനയിൽ നിന്നും ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് യുഎപിഎ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. ഇതിന് പുറമേ ന്യൂസ് ക്ലിക്ക് എഡിറ്റംർ പ്രബീർ പുർക്യസ്ഥ, എഴുത്തുകാരായ പരജ്ഞോയ് ഗുഹ, ഉർമിളേഷ് എന്നിവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ മാസം 17 ന് രജിസ്റ്റർ ചെയ്ത കേസിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 120 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
Discussion about this post